ഗിറിലെ സഫാരി യാത്രക്കിടെയാണ് സോമനാഥ ക്ഷേത്രം സന്ദർശിക്കാൻ അവസരം ലഭിച്ചത്. രാവിലത്തെ സഫാരി കഴിഞ്ഞ് ഞങ്ങൾ ഒരു ഇന്നോവ കാറിൽ സോമനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. 57 കിലോമീറ്റർ ദൂരമുണ്ട് ഗിറിൽ നിന്നും സോമനാഥ ക്ഷേത്രത്തിലേക്ക്. 11.30 യോടെ ഞങ്ങൾ അവിടെ എത്തി. ഒട്ടും തന്നെ തിരക്കില്ലായിരുന്നു, അതിനാൽ ദർശനം നടത്താനും വിശദമായി ക്ഷേത്രം കാണാനും സാധിച്ചു. ചാന്ദ്ര ദേവനായ സോമനാഥൻ സ്വർണ്ണത്തിൽ ഈ ക്ഷേത്രം ആദ്യം നിർമ്മിച്ചു എന്നും, രാവണൻ വെള്ളിയിൽ ഇത് പുനർ നിർമ്മിച്ചുവെന്നും, പിന്നീട് കൃഷ്ണൻ ഇത് തടിയിൽ നിർമ്മിച്ചു എന്നും, അതിനുശേഷം ഭീമൻ ഇത് കല്ലിൽ നിർമ്മിച്ചു എന്നും ആണ് വിശ്വാസം.
പലതവണ തകർക്കപ്പെട്ട ഈ ക്ഷേത്രം 1951ലാണ് അവസാനമായി പുനർ നിർമ്മിച്ചത്. പഴയ തുറമുഖമായ വേരാവലിന് അടുത്തായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവപുരാണത്തിൽ പരാമർശിക്കുന്ന പ്രശസ്തമായ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒരെണ്ണമാണ് ഇത്. 1026ൽ മുഹമ്മദ് ഗസനി തകർക്കുകയും, കൊള്ളയടിക്കുകയും, കത്തിക്കുകയും ചെയ്തതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
മുഗൾ ഭരണകാലത്തും, ബ്രിട്ടീഷ് അധിനിവേശകാലത്തും ഈ ക്ഷേത്രം തകർക്കപ്പെടുക ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം സോമനാഥ് ട്രസ്റ്റ് രൂപീകരിക്കുകയും ക്ഷേത്രം പുനർ നിർമ്മിക്കുകയും ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഇപ്പോൾ ഈ ട്രസ്റ്റിന്റെ ചെയർമാൻ.