സൈലന്റ് വാലി-നീലഗിരി മലകളുടെ അടിവാരത്തു സ്ഥിതിചെയ്യുന്ന നിശബ്ദ താഴ്വര. അത്യപൂർവവും അമൂല്യവുമായ ജൈവസമ്പത്തിനാൽ നിറഞ്ഞതാണ് സൈരദ്രിവനം. ചീവീടുകളുടെ അഭാവം ആയിരുന്നു സൈലന്റ്വാലിയുടെ പ്രത്യേകത. ഭാരതപ്പുഴയുടെ പോഷക നദിയായ കുന്തിപ്പുഴ ഇവിടെ അനുസ്യുതം ഒഴുകുന്നു. 1973 ഇൽ സൈലന്റ്വാലി അണക്കെട്ടിന് പ്ലാനിംഗ് കമീഷൻ അനുമതി നൽകിയതോടെയാണ് സൈലന്റ്വാലി വാർത്തകളിൽ നിറയുന്നത്. 1984 നവംബർ 15 നു സൈലന്റ്വാലി ഒരു നാഷണൽ പാർക്ക് ആയി മാറി. സിംഹവാലൻ കുരങ്ങുകളുടെ ആവാസകേന്ദ്രമാണ് സൈലന്റ്വാലി. വെടിപ്ലാവുകളുടെ ലഭ്യതയാണ് സിംഹവാലൻ കുരങ്ങുകൾക്ക് സൈലന്റ്വാലി പ്രിയങ്കരം ആക്കിയത്. പശ്ചിമഘട്ട മലനിരകളിൽ പാലക്കാട് മലപ്പുറം ജില്ലകളിലായി സ്ഥിതിചെയുന്ന സൈലന്റ്വാലി ദേശിയോധ്യാനം. കാണാൻ തരപ്പെട്ടതു ഒരു സുഹൃത്തിൻറെ കല്യാണത്തിനു കൂടാൻ പോയി മടങ്ങി വരുമ്പോളാണ്. തിരിച്ചുള്ള യാത്ര സൈലന്റ്വാലി വഴിയാക്കി എന്ന് പറയുന്നതാവും ശരി. അങ്ങനെ ഒരു തണുത്ത വെളുപ്പാൻ കാലത്തു മുക്കാളിയിൽ ബസ് ഇറങ്ങി. ഇതാണ് സൈരദ്രിയുടെ കവാടം.
അധികം തിരക്കില്ല, നേരം വെളുത്തു വരുന്നതെ ഉള്ളു. കുറേനേരം അവിടൊക്കെ ചുറ്റി നടന്നു. വനത്തിലേക്കൊരു ട്രെക്കിങ്ങ് ഉണ്ട്, ഒരു ജീപ്പിൽ പോകാനുള്ള ആൾ ആയാലേ പോകൂ. ഒരു ടീം എത്തി, പക്ഷെ അവരൊന്നിച്ചു ഒരു ജീപ്പ് വിളിച്ചു. വീണ്ടും ഞാനൊറ്റക്കായി. ഇനി എന്തു ചെയ്യണം എന്നാലോചിച്ചു നിക്കുമ്പോൾ വലിയ ഒരു ക്യാമറയുമായി ഒരു മധ്യവയസ്കൻ വന്നു. അദ്ദേഹം അവിടേയും ഇവിടെയും ഒക്കെ നടന്നു ചില ഫോട്ടോകൾ എടുക്കുന്നു. എനിക്കിന്ന് തിരിച്ചു പോകേം വേണം. എനിക്കിപ്പോൾ എന്ത് ചെയ്യും എന്നാലോചിച്ചു നിൽകുമ്പോൾ അദ്ദേഹം ഇൻഫർമേഷൻ സെന്റർ നുള്ളിലേക്കു കേറിപോയി. ഞാൻ ഒരു ജീപ്പ് ഡ്രൈവറുടെ അടുത്ത് ചെന്ന് യാത്ര നിരക്ക് അന്വേഷിച്ചു. ആരുമില്ലെങ്കിൽ തനിച്ചു പോകാൻ തീർച്ചപ്പെടുത്തി. ഡ്രൈവർ പറഞ്ഞു ആരേലും വെരും അല്പം കാത്തിരിക്കൂന്നേ.
അങ്ങിനിരിക്കുമ്പോൾ അകത്തേക്ക് പോയ അദ്യേഹം ദൃതിയിൽ മടങ്ങി വരുന്നു, ഡ്രൈവറോടെന്തെക്കെയോ സംസാരിക്കുന്നു, ഡ്രൈവർ എന്നെ ചൂണ്ടുന്നതും കണ്ടു. എന്നോട് വരുന്നോ എന്ന് അന്വേഷിച്ചു. നല്ല കാര്യം ഞാനതു കേൾക്കാനിരിക്കുവാ, ഞാൻ റെഡി പറഞ്ഞു.മറ്റാരേം കാക്കേണ്ട കാശു ഞങ്ങൾ രണ്ടു പേരും കൂടി തരാം എന്ന ഉറപ്പിന്മേൽ യാത്ര തുടങ്ങി. മെറ്റൽ ഇളക്കി കിടക്കുന്ന റോഡിലൂടെ കുലുങ്ങി കുലുങ്ങി ജീപ്പ് നീങ്ങി. ഞങ്ങൾ രണ്ടും, ജീപ്പ് ഡ്രൈവറും പിന്നെ ഒരു ഗൈഡും ആണുള്ളത്. ഇടയ്ക്കിടയ്ക്ക് ഗൈഡ് ദൂരേയ്ക്ക് ചൂണ്ടി ഓരോ മൃഗങ്ങളെ കൈ ചൂണ്ടി കാണിച്ചു തീരും. വളരെ മെനെക്കെട്ടു നോക്കിയാലേ മരങ്ങൾക്കിടയിലും മേടുകൾക്കിടയിലും അവയെ കാണാൻ പറ്റൂ. ഓരോ തവണയും ഗൈഡ് കൈ ചൂണ്ടി കാണിച്ചു തീരും, ഞങ്ങൾ കഷ്ടപ്പെട്ട് അതിനെ കണ്ടുപിടിക്കും!
അങ്ങനെ ഞങ്ങൾ വനത്തിനുള്ളിൽ ഒരിടത്തു ജീപ്പ് ഇറങ്ങി. വലിയൊരു വാച്ച് ടവർ കണ്ണിലുടക്കി. “ഇതിൽ കേറാൻ പറ്റുമോ”-ഞാൻ ചോദിച്ചു . “പിന്നെന്താ കേറാമല്ലോ പോയിട്ടുവാ”- ഗൈഡ് മറുപടി പറഞ്ഞു.ടവർ ന്റെ മുകളിലൊട്ടൊന്നു നോക്കീട്ടു നമ്മുടെ മധ്യവയസ്കൻ വരുന്നില്ലെന്ന് പറഞ്ഞു.അദ്ദേഹം ഒരു വന്യ ജീവി ഫോട്ടോഗ്രാഫർ ആണ്. ബാംഗ്ലൂർ നിന്നും ഒരു പ്രേത്യേക തരം മൂങ്ങയുടെ ഫോട്ടോ എടുക്കാൻ ഫ്ലൈറ്റ് പിടിച്ചു വന്നിരിക്കുകയാണ് പോലും!
വാച്ച് ടവരിൽ നിന്നുള്ള കാഴ്ച ഗംഭീരം! വടക്കു ഭാഗത്തു കൂടി കുന്തി പുഴ വളഞ്ഞുപുളഞ്ഞു ഒഴുകുന്നു. മറുഭാഗത്തു ഭവാനി പുഴയും ഒഴുകുന്നു. നിബിഡമായ ആ കന്യാവനങ്ങളിൽ ഇല്ലാത്തതായി ഒന്നുമില്ല. ആന, സിംഹവാലൻ കുരങ്ങു വിവിധയിനം പക്ഷികൾ വ്യത്യസ്തയിനം ഉരഗങ്ങൾ ആയിരക്കണക്കിന് പുഷ്പ ലതാതികൾ. 107 തരം ഓർക്കിഡുകളെ ഇവിടെ കണ്ടെത്തുക ഉണ്ടായിട്ടുണ്ട്. അഞ്ചു കോടി വർഷത്തിന്റെ പരിണാമ ചരിത്രം പേറുന്ന ഈ കാടു ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്.
ആനയും, സിംഹവാലൻ കുരങ്ങും, മലയണ്ണാനും ഓക്കെ എന്റെ ക്യാമറക്കു വിരുന്നായി. നമ്മുടെ ഫോട്ടോഗ്രാഫർ ആശാൻ ആ മൂങ്ങയെ തപ്പി നടക്കുകയാണ്. നടന്നു നടന്നു ഞങ്ങൾ ഡാം നിർമിക്കാനുദ്ദേശിച്ച സ്ഥലത്തു എത്തി. ബാക്കിയൊക്കെ ഏതൊരു മലയാളിക്കും സുപരിചിതംആണല്ലോ (PSC പരീക്ഷകൾക്ക് നന്ദി). ഡാം നിര്മിക്കാനുദ്ദേശിച്ച സ്ഥലത്തു ഇന്നൊരു തൂക്കു പാലം ഉണ്ട്. അത് അടച്ചിട്ടിരിക്കുകയാണ്. അതിനടുത്തു വലിയൊരു വെടിപ്ലാവു നില്പുണ്ട്. തൂക്കു പാലത്തിനടിയിലൂടെ പാറക്കല്ലുകളിൽ ചിന്നി തെറിച്ചു കുന്തി പ്പുഴ ഒഴുക്കുന്നു. വനാതിർത്തി കഴിഞ്ഞാൽ ഇത് തൂത പുഴയായി മാറി ഭാരത പുഴയിൽ ലയിക്കുന്നു.
തിരിച്ചു നടന്നു വാച്ച് ടവർ നടുത്തെത്തി. വഴിലൊക്കെ അട്ടകളുടെ ശല്യം, എൻറെ ഷൂസ് ഒക്കെ നിസാരമായി തുളച്ചു കേറി പോകുന്നു. നൊടിയിടെ കൊണ്ട് മനുഷ്യ സാമിപ്യം മനസിലാക്കുന്ന അവയുടെ സംവേദന ക്ഷമത അപാരം തന്നെ. വാച്ച് ടവർ ഇൽ ഒരിക്കലൂടെ കേറി ജീപ്പ് വരാൻ കാത്തിരുന്നു. മടക്കയാത്രയിൽ വേറെ ഒരു ഗൈഡും കൂടി കേറി. കുറേ നാളിനു മുൻപ് ഒരിക്കലിവിടെ കുറെ സഞ്ചാരികളുമായി വന്നപ്പോൾ ഒരു കടുവയുടെ മുരളല് കേട്ട് പോലും. അതു വക വെയ്ക്കാതെ മുന്നോട്ടു ചെന്നപ്പോൾ കടുവകൾ ഇരയെ ഭക്ഷിക്കുന്നു. കൂടെ വന്നവർ ഓടി ജീപ്പിൽ കേറി ജീപ്പ് ഓടിച്ചു പോയത്രേ. ഭയന്നുപോയ ഇദ്ദേഹം പയ്യനെ പുറകോട്ടു നടന്നു കുറെ ചെന്നപ്പോൾ നിർത്തിയിട്ടിരിക്കുന്ന ജീപ്പ് കണ്ടു! ഉടനെ ഞങ്ങടെ ഗൈഡ് പറഞ്ഞു തുടങ്ങി വേറൊരു കഥ. കുറെ നാൾ മുൻപ് ഒരു ആനയുടെ ചിഹ്നം വിളി വനപാലകർ കേട്ടിരുന്നു. ആനയുടെ ആ ചിഹ്നം വിളി അവരത്ര കാര്യമാക്കിയില്ല. പക്ഷെ പിന്നെ കാട്ടിൽ സ്ഥാപിച്ച ക്യാമറ യിൽ പതിഞ്ഞ കാഴ്ച കണ്ടവർ ഞെട്ടി. ഒരു കടുവ ഒരു ആനയെ ഭക്ഷിക്കുന്നു! ആ ഫോട്ടോ ഇൻഫർമേഷൻ സെന്റർ ന്റെ ചുവരിൽ കണ്ട കാര്യം ഞാനോര്ത്തുപോയി. കടുവ ആ കുട്ടിക്കൊമ്പനെ പിടികൂടി കൊന്നു, അതിനേം വിളിച്ചോണ്ട് കുറെമീറ്റർ സഞ്ചരിച്ചിട്ടാണ് ഭക്ഷണമാക്കിയത്. ടൺ കണക്കിന് ഭാരമുള്ള ആനയെ കൊന്നു വലിച്ചിഴച്ചു കൊണ്ടുപോയി തിന്നത് ഞങ്ങൾ ഇത്ര നേരം നടന്ന വഴിയരുകിലെന്നോർത്തപ്പോൾ ഉള്ളൊന്നു കിടുങ്ങി. എന്തായാലും വന്നപ്പോളീ കഥ പറയാഞ്ഞത് നന്നായി.
ഒരു പാട് അനുഭവങ്ങളും കാഴ്‍ചകളുമായി വീണ്ടും വരാമെന്നു നിനച്ചു ഞാനും, കിട്ടാത്ത മൂങ്ങയുടെ ചിത്രത്തിനായി വീണ്ടും വെറുമെന്ന് പറഞ്ഞു നമ്മുടെ ഫോട്ടോഗ്രാഫറും മടങ്ങി. തിരിച്ചു മുക്കാലിയിൽ വന്നു. ഒരു ലൈൻ ബസിൽ അട്ടപ്പാടി വേറെ പോയി അട്ടപ്പാടി ഒന്ന് കാണാൻ. അതിർത്തിയിലിറങ്ങി ഒരു ചായ കഴിച്ചു തിരിച്ചു അതെ ബസിൽ ടൗണിലേക്കു മടങ്ങി. അവിടുന്ന് വീട്ടിലേക്കും.