കുട്ടിക്കാലത്ത് രാത്രികളിൽ മെഴുകുതിരി വെളിച്ചത്തിൽ ജിം കോർബറ്റിന്റെ കൂമയോണിലേ നരഭോജികൾ എന്ന പുസ്തകം വായിക്കുന്നതിനിടയ്ക്ക് അകലെ ഇരുട്ടിലേക്ക് നോക്കുമ്പോൾ, നിഗൂഢമായ കാടും നടന്നു നീങ്ങുന്ന വന്യമൃഗങ്ങളും കടുവകളുടെ ഗർജ്ജനവും എല്ലാം ചുറ്റുപാടും വ്യാപരിച്ചു നിൽക്കുന്നതു പോലെ തോന്നിക്കുമായിരുന്നു. ജിം കോർബറ്റിന്റെ എഴുത്ത് ഏതൊരാളെയും കാട്ടിലേക്ക് ആകർഷിക്കാൻ പോന്നതായിരുന്നു. പീന്നീട് ജോലിയിൽ പ്രവേശിച്ചപ്പോഴും കാടിനെ കുറിച്ചുള്ള പൂതി ഉളളിൽ നിന്ന് പോയിരുന്നില്ല. ഇടയ്ക്ക് സമയം കിട്ടുമ്പോഴെല്ലാം കേരളത്തിലെ കാടുകളിലേക്കൊക്കെ സഫാരി പോകാറുണ്ടെങ്കിലും വടക്കേ ഇന്ത്യയിലെ വന്യമൃഗങ്ങൾ വിഹരിച്ചിരുന്ന വൻ കാടുകളിലേക്ക് പോകാൻ സാധിച്ചിരുന്നില്ല.
അങ്ങനെയിരിക്കുമ്പോൾ യാദൃശ്ചികമായി ഗിർ – റന്തംബോർ – ഝലന സഫാരി ഒത്തു വന്നു. അങ്ങനെ 2024 ജൂൺ അഞ്ചിന് എറണാകുളത്ത് നിന്ന് ഞങ്ങളുടെ യാത്ര തുടങ്ങി. രാവിലെ ട്രെയിനിൽ കയറി കഴിഞ്ഞപ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു. തകർത്തു പെയ്യുന്ന മഴയുടെ തിരശ്ശീലയിലൂടെ എറണാകുളം സ്റ്റേഷനോട് യാത്ര പറഞ്ഞു. ത്രീ ടയർ എ സി കമ്പാർട്ട്മെൻറ്ലെ വിശാലമായ ജനലിലൂടെ പുലർകാല മഴയിൽ നനഞ്ഞു കുളിച്ച് സൂര്യരശ്മികൾ കടന്നുവരുന്നത് കണ്ട ആസ്വദിച്ചിരുന്നു. യാത്രയുടെ കോഡിനേറ്റർ ആയ ഹാരീസ് അപ്പോഴേക്കും കടന്നുവന്നു. കുറേനേരം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മേഖലയെ പറ്റി യും കാണാൻ പോകുന്ന കാഴ്ചകളെ പറ്റിയും സംസാരിച്ചിരുന്നു. വൈൽഡ് ഫോട്ടോഗ്രാഫറും യാത്രികനുമായ അദ്ദേഹം കാണാൻ പോകുന്ന സ്ഥലങ്ങളെപ്പറ്റിയും അവിടെയുള്ള മൃഗങ്ങളെ പറ്റിയും കഴിഞ്ഞ യാത്രയിൽ കണ്ട മൃഗങ്ങളെപ്പറ്റിയും വാചാലനായി. അപ്പോഴും പുറത്ത് മഴ തകൃതിയായി പെയ്തുകൊണ്ടിരുന്നു. പാലക്കാടൻ ഗ്രാമങ്ങൾ മുന്നിലെ ഗ്ലാസ് ക്യാൻവാസിലേക്ക് ഇഴഞ്ഞു വന്നു. വിശാലമായ വയലേലകളിൽ മഴയെ അവഗണിച്ച് ഇരരതേടുന്ന പക്ഷികളെയൂം, പിന്നിൽ മഞ്ഞിന്റെ നേർത്ത പുതപ്പിൽ ആലസത്തിലാണ്ട്. കിടക്കുന്ന മലമേടുകളെയും പിന്നിലാക്കി ട്രെയിൻ കുതിച്ചു പറഞ്ഞുകൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോൾ ഹാരീസ് പോയി പകരം സഹയാത്രികനായ ജോസേട്ടൻ വന്നു. അദ്ദേഹം പകർത്തിയ മലമുഴക്കി വേഴാമ്പലിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ കുറെ നേരം നോക്കിയിരുന്നു. നല്ല ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ദൃശ്യശേഖരം ഇക്കാലത്തിനിടക്ക് അദ്ദേഹം സമ്പാദിച്ചിരുന്നു. അദ്ദേഹത്തിൻറെ ഭാര്യയും മികച്ച ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ്.
വൈൽഡ് ലൈഫ് ചർച്ചകൾ പുരോഗമിക്കുമ്പോൾ, ട്രെയിൻ ഗോവ ലക്ഷ്യമാക്കി കൊങ്കൺ പാതയിലൂടെ തുരങ്കങ്ങൾ കയറിയിറങ്ങിയായിരുന്നു. പ്രകൃതി ലാവണ്യം കൊണ്ടും എൻജിനീയറിങ് വൈഭവം കൊണ്ടും അനുഗ്രഹീതമായ ഒരു സഞ്ചാരപഥമാണ് കൊങ്കൺ റെയിൽവേ. അനവധി തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയും കടന്നുപോകുന്ന കൊങ്കൺ റെയിൽവേ മനുഷ്യൻറെ നിശ്ചയദാർഢ്യത്തിന്റെയും പരിശ്രമത്തിന്റെയും ഒരു ഉത്തമ ഉദാഹരണമാണ്. തുരങ്കങ്ങൾ കടക്കാനുള്ള ഊഴങ്കാത്ത് ഞങ്ങളുടെ ട്രെയിൻ പല സ്റ്റേഷനുകളിലും പിടിച്ചിടേണ്ടിവന്നു. പച്ചപ്പട്ടു വിരിയിട്ട് മാതിരി കിടക്കുന്ന ദക്ഷിണ കന്നട ഗ്രാമങ്ങൾ കാഴ്ചയ്ക്ക് വിരുന്നായി. നിഴലും വെളിച്ചവും ഇടവിട്ട് മറയുന്ന മാസ്മരികതയിലൂടെ ഓരോ തുരങ്കവും കടന്നു പൊയ്ക്കൊണ്ടിരുന്നു.
രണ്ടുമണിക്കൂറോളം താമസിച്ചു സന്ധ്യയോടെ മഡഗോവൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തി. സഞ്ചാരികളുടെ പറുദീസ ആണല്ലോ ഗോവ! രാത്രിയിലെ ഭക്ഷണം കഴിച്ച് താഴത്തെ സൈഡ് ലോവർ ബർത്തിൽ ഉറങ്ങാൻ കിടന്നു.
രാവിലെ ജാലകത്തിലൂടെ കടന്നുവന്ന സൂര്യകിരണങ്ങൾ ഏറ്റപ്പോൾ കൺമിഴിച്ച് പുറത്തേക്ക് നോക്കിയപ്പോൾ വിശാലമായ ഉപ്പളങ്ങളാണ് കണ്ടത്. ഇളം സൂര്യരശ്മിയിൽ വെട്ടിത്തിളങ്ങുന്ന ഉപ്പിൻ്റെ കൂമ്പാരങ്ങളും, കെട്ടി നിർത്തിയ ജലത്തിൽ പ്രതിഫലിച്ചുവരുന്ന സൂര്യ രശ്മികളുടെ മനോഹാരിതയും കണ്ടപ്പോൾ ഉറക്കം മതിയാക്കി ഉണർന്നിരുന്നു. ട്രെയിൻ വസായിറോഡ് സ്റ്റേഷനിൽ എത്തി. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു ഒരു ചായയും കുടിച്ച് അലസമായി മഹാരാഷ്ട്രയിലെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു. ഒരു പകൽ മുഴുവൻ വിശാലമായ ഭൂപ്രദേശങ്ങൾ വളരെ വേഗം പിന്നിലാക്കി, രാത്രി 8:00 മണിയോടെ, രണ്ടരമണിക്കൂറോളം വൈകി ട്രെയിൻ സവായി മോദ്പൂർ സ്റ്റേഷനിൽ എത്തി.
പുറത്തിറങ്ങിയപ്പോൾ കാടിനെയും കടുവകളെയും വരച്ചുവെച്ച മനോഹരമാക്കിയ റെയിൽവേ സ്റ്റേഷനാണ് ഞങ്ങളെ വരവേറ്റത്. സ്റ്റേഷനു വെളിയിൽ ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ നാളത്തെ സഫാരി വാഹനം വന്നു നിൽക്കുന്നുണ്ടായിരുന്നു. ആ തുറന്ന വാനിൽ കയറി ഞങ്ങൾ ഉദയപൂർ വിലാസ് എന്ന ഹോട്ടലിൽ എത്തി. എസിയുടെ തണുപ്പിൽ നിന്നും പുറത്ത് കടന്നത് കൊണ്ടോ, ജൂൺ മാസത്തിലെ ഇവിടുത്തെ ചൂട് അധികമായതുകൊണ്ടോ, അസഹനീയമായ ചൂട് തോന്നിച്ചു. ഹോട്ടലിൻ്റെ അടുത്ത് തന്നെയുള്ള ഒരു ഫുഡ് കോംപ്ലക്സിലേക്ക് ഭക്ഷണം കഴിക്കാൻ പോയി. പലതരം ഭക്ഷ്യ വിഭവങ്ങൾ വിവിധ സ്റ്റാളുകളിൽ അവിടെ ലഭ്യമായിരുന്നു. ഒരു ചത്വരത്തിന് ചുറ്റും പല സ്റ്റാളുകളിൽ ക്രമീകരിച്ചിരിക്കുന്ന ഭക്ഷണങ്ങൾ നടുത്തളത്തിലെ ടേബളുകളിൽ കൊണ്ടുവെച്ച് കഴിക്കാവുന്ന വിധമാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.
രന്തംബോറിലെ കടുവാകൾ
പിറ്റേദിവസം രാവിലെ നാലുമണിക്ക് തന്നെ ഉണർന്നു, റെഡിയായി, 5 മണിയോടെ പ്രധാന റോഡിൽ എത്തി. പുലർകാലം ആകെ പുക മൂടിയ മാതിരി, പൊടിയും മഞ്ഞും കലർന്നു നിൽക്കുന്ന മാതിരി ഒരു പ്രതീതി ചുറ്റും. ഒരു മൺഗ്ലാസിൽ ചൂട് ചായ കുടിച്ചു കൊണ്ടിരിക്കെ തലേന്ന് ഞങ്ങൾ യാത്ര ചെയ്ത സഫാരി വാൻ എത്തിച്ചേർന്നു. ആറുമണിയോടെ രന്തംബോർ സഫാരി സെന്ററിന്റെ പ്രവേശന കവാടത്തിൽ എത്തി. പരിശോധനകൾ എല്ലാം കഴിഞ്ഞ് ഞങ്ങലൂടെ വാഹനത്തെ കാട്ടിലേക്ക് കടത്തിവിട്ടു. ഇരുവശത്തെ മരങ്ങളിൽ മൃഗങ്ങളെ വീക്ഷിച്ചുകൊണ്ട് ക്യാമറകളും ശരിയാക്കി ഇരിപ്പായി. കുറേ ദൂരം ചെന്നപ്പോൾ രന്തംബോർ കോട്ട കണ്ടു. ഇവിടെ നിന്നാണ് കാട്ടിലേക്കുള്ള വഴി തുടങ്ങുന്നത്. ജയ്പൂർ രാജാക്കന്മാരുടെ നായാട്ട് കേന്ദ്രമായിരുന്നു റന്താംബോർ. രജപുത്ര രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ച് വിശാലമായ ഒരു കോട്ടയാണ് ഇത്. ഇതിനു മുകളിൽ നിന്നാൽ രന്തംബോർ കാടുകളുടെ ഒരു വിശാല ദൃശ്യം ലഭിക്കും. കോട്ടയ്ക്കു മുന്നിലെ ഇടുങ്ങിയ കവാടത്തിലൂടെ ഞങ്ങൾ കാട്ടിലേക്ക് കടന്നു. കവാടത്തിന് മുൻപിൽ നിഷ്കളങ്കനായി നോക്കുന്ന ഒരു പുള്ളിമാന്റെ ചിത്രമാണ് ആദ്യം കിട്ടിയത്.
വരണ്ടു കിടക്കുന്ന കാട്ടിലൂടെ കുറേ ദൂരം യാത്ര ചെയ്ത് ഒരു തടാകക്കരയിൽ എത്തി. ഇവിടെ മിക്കവാറും കടുവാകളുടെ സാന്നിധ്യം ഉണ്ടാകാറുണ്ടെന്ന് ഗൈഡ് പറഞ്ഞു. വാഹനത്തിൻ്റെ തൊട്ടടുത്ത് ഒരു മരത്തിൻറെ പോത്തിൽ ഒരു ഉടുമ്പ് തല പുറത്തു കാണിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. തടാക്കരയിൽ മാനുകളും മയിലുകളും മറ്റനേകം മൃഗങ്ങളും തീറ്റമേഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഒരാൺമയിൽ തന്റെ വിശാലമായ പീലികൾ വിടർത്തി നൃത്തം ചെയ്യുന്നുണ്ടായിരുന്നു. പെൺമയിൽ അത് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൻ അടുത്ത ഇണയുടെ അടുത്ത് ചെന്ന് നൃത്തം തുടർന്നു. പീലി വിടർത്തി ഓരോ പെണ്മയിലിന്റെ അടുത്ത് ചെന്നും നൃത്തം വെക്കുന്ന കാഴ്ച ക്യാമറകൾക്ക് നല്ലൊരു വിരുന്നായി. തടാകത്തിൻ്റെ ഒരു ഭാഗത്ത് മാനുകൾ ആണെങ്കിൽ മറ്റൊരു ഭാഗത്ത് മയിലുകളാണ്, വെള്ള കൊടികൾ നാട്ടിയ മാതിരി കൊറ്റികൂട്ടം വേറൊരുടത്ത് അനങ്ങാതെ നിൽപ്പുണ്ട്. വെള്ളത്തിൽ ചീങ്കണ്ണികളുടെ ഒരു പട തന്നെയുണ്ട്. വായും പൊളിച്ച് ഓരോ കൊറ്റികളുടെ അടുത്ത് ചെല്ലുന്നതും അപ്പോഴേക്കും അത് പറന്ന് അകലുന്നതും, ചീങ്കണ്ണി ഇളഭ്യനായി മടങ്ങുന്നതും കണ്ടുകൊണ്ടിരുന്നു. പക്ഷേ കടുവാകളുടെ ദർശനം മാത്രം കിട്ടിയില്ല. മറ്റൊരിടത്ത് പോയി നോക്കാം എന്ന് പറഞ്ഞു ഡ്രൈവർ വണ്ടി വിട്ടു. ഇടയ്ക്ക് ബ്രാഹ്മണി സ്റ്റാർ ലിങ്ക്, ഗ്രേ ഫ്രങ്കോളിൻ, വൈറ്റ് ത്രോറ്റഡ് ഫാൻ്റൈൽ തുടങ്ങിയ പക്ഷികളെ കണ്ടു. തടാകക്കരയിൽ കൊത്തി പറക്കി നടക്കുന്ന പവിഴക്കാലി പക്ഷികളെയും അതിൻറെ കുഞ്ഞുങ്ങളെയും കണ്ടു. തള്ള് പക്ഷി ചെയ്യുന്നത് കുഞ്ഞു പക്ഷി അതുപോലെ അനുകരിക്കുന്നു. തള്ള പക്ഷിയുടെ നിഴലുപോലെ തടാക കരയിൽ ഓടി നടക്കുന്ന അവയെ കുറേനേരം കണ്ടുകൊണ്ടിരുന്നു. ഇവിടെയും കടുവകളെ കണ്ടില്ല. കുറെ നേരം കൂടി കാട്ടിൽ ചുറ്റിക്കറങ്ങി ഒൻപതരയോടെ കോട്ടയുടെ മുമ്പിൽ പ്രവേശന കവാടത്തിൽ തിരിച്ചെത്തി. കടുവളെ കാണാൻ കഴിയാത്ത വിഷമത്തോടെ രാവിലത്തെ യാത്ര അവിടെ അവസാനിച്ചു. ഭക്ഷണം കഴിഞ്ഞ് തെല്ലുനേരം വിശ്രമിച്ചിട്ട് വൈകുന്നേരത്തെ സഫാരിക്ക് വീണ്ടും അതേ വാഹനത്തിൽ പ്രവേശന കവാടത്തിൽ എത്തി. ഇത്തവണ ഞങ്ങൾ വേറെ സോൺലേക്കാണ് പോയത്. പതിവുതുപോലെ മാനുകളും മയിലുകളും ദർശനം തന്നു, കടുവകളെ അന്വേഷിച്ചു യാത്ര തുടർന്നു. ഇടയ്ക്ക് കടുവയുടെ കാൽപ്പാടുകൾ കണ്ടു. കുറെ നേരം യാത്ര ചെയ്തു കഴിഞ്ഞപ്പോൾ ഒരു സ്ഥലത്ത് വണ്ടി കൊണ്ടുവന്ന് നിർത്തി. ചെറിയ ഒരു തോടിന് കരയിലാണ് വാഹനം നിർത്തിയത്. ഗൈഡ് തോടിന് മറുകരയിലെ പാറയിലെ ഒരു ഗുഹയിലേക്ക് വിരൽ ചൂണ്ടി. സൂക്ഷിച്ചു നോക്കിയപ്പോൾ മലർന്നു കിടന്നുറങ്ങുന്ന വലിയ ഒരു പെൺകടുവ! കടുവയെ കണ്ട സന്തോഷത്താൽ എല്ലാവരും ഫോട്ടോകൾ എടുക്കാൻ തുടങ്ങി. നിശബ്ദമായി അന്തരീക്ഷത്തെ ക്യാമറകളുടെ ക്ലിക്ക് ശബ്ദം മുഖരിതമാക്കി. ‘നൂറി’ എന്ന പെൺകടുവയാണത്, നല്ല ഒരു ഭക്ഷണം കഴിഞ്ഞ് ഉറങ്ങുകയാണെന്ന് തോന്നുന്നു. കാലുകൾ നാലും മുകളിലേക്ക് ഉയർത്തിയാണ് ഇപ്പോൾ ഉറക്കം. പിന്നെ തല ഒന്ന് ചരിച്ചപ്പോൾ മറുവശത്ത് നിൽക്കുന്ന ഞങ്ങളെ കണ്ടു രൂക്ഷമായി ഒന്ന് നോക്കിയെങ്കിലും ഉറക്കത്തിന്റെ അധിക്യത്താൽ കണ്ണുകൾ വീണ്ടും അടഞ്ഞുപോയി. കടുവ ഉണരുന്നതും കാത്ത് ക്ഷമയോടെ ഞങ്ങൾ മറുകരയിലിരുന്നു. അൽപനേരം തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങിയശേഷം പിന്നെ ചെരിഞ്ഞു കിടന്നു. നേരെ കൺതുറന്ന് നോക്കിയപ്പോൾ ഞങ്ങളെ കണ്ടതുകൊണ്ടാവണം ഉറക്കം വിട്ട് ഉണർന്നു നേരെ ഇരിപ്പായി. പല വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരും പറയുന്നതുപോലെ ഒരു കൊട്ടുവാ ഇടാൻ സാധ്യതയുള്ള സമയമാണത്, നല്ലൊരു ഫോട്ടോയ്ക്ക് സാധ്യതയും. വിശാലമായി വാ തുറന്നു കോട്ടുവാ ഇടുന്നത് സോണിയുടെ വലിയ സൂം ലെൻസ് മനോഹരമായി പകർത്തി. പിന്നെ കടുവ എഴുന്നേറ്റ് ചെറിയ തോട് ലക്ഷ്യമാക്കി നടന്നു. ഗുഹയിൽ നിന്ന് പുറത്തു വരുന്നതും, തോട്ടിലെ ജലത്തിൽ രൂപം പ്രതിഫലിക്കുന്നതും എല്ലാം, വളരെ വേഗം അഭ്രപാളിയിലാക്കി. പിന്നെ ചെറിയ തോട്ടിന് കരയിലിരുന്ന് ജലം സാവധാനം നക്കി കുടിക്കാൻ തുടങ്ങി. ഒരേസമയം അനേകം ക്യാമറകൾ അനവധി തവണ തുറന്നുഅടഞ്ഞു. അതിനൊരു ഭീകരത സമ്മാനിക്കാനെന്നോണം ഞങ്ങളുടെ നേർക്ക് രൂക്ഷമായ ഒരു നോട്ടവും ഇടയ്ക്കറിഞ്ഞു. ജലം കുടിച്ച ശേഷം വീണ്ടും കരയിലേക്ക് നടന്നു, പിന്നെ പിന്തിരിഞ്ഞ് വന്ന്, പിൻഭാഗം മാത്രം ജലത്തിൽ ഇറക്കി അൽപനേരം വിശ്രമിച്ചു. കുറച്ചു കഴിഞ്ഞ് വീണ്ടും കരയിൽ കയറി കിടപ്പായി., മനോഹരമായ ദേഹം ഇപ്പോൾ ആകെ ചെളിയായിരിക്കുന്നു കടുവയെ ആ നിലയിൽ വിട്ടിട്ട്, ഞങ്ങളുടെ വണ്ടി അടുത്ത സ്ഥലത്തോട്ട് യാത്ര തുടങ്ങി. സഹയാത്രികർ കുറച്ചു നേരം കൂടി അവിടെ തങ്ങാൻ ഗൈഡ്നോട് നിർബന്ധിച്ചെങ്കിലും അടുത്തൊരു ആൺ കടുവ ഉണ്ടെന്നും അതിനെ കാട്ടിത്തരാം എന്നും പറഞ്ഞു വണ്ടി വിട്ടു. അടുത്തൊരു കടുവ എന്ന് കേട്ടപ്പോൾ എല്ലാവരും വീണ്ടും ഉഷാറായി. കുറെ ദൂരം ചെന്നപ്പോൾ കടുവ ഭക്ഷിച്ചു ഉപേക്ഷിച്ച ഏതോ മൃഗത്തിൻറെ രൂഷഗന്ധം അടിക്കാൻ തുടങ്ങി. പകുതി തിന്ന നിലയിൽ ഹതഭാഗ്യനായ അമൃഗത്തെ കണ്ടതല്ലാതെ കടുവയെ കാണാൻ കഴിഞ്ഞില്ല. അരിശം മൂത്ത ഞങ്ങളുടെ ഡ്രൈവർ വളരെ വേഗത്തിൽ മറ്റൊരു സ്ഥലത്തോട്ട് വാഹനം പായിച്ചു. അപ്പോഴേക്കും കാടാകെ പൊടിക്കാറ്റ് മൂടിയിരുന്നു. വീശി അടിക്കുന്ന പൊടിക്കാറ്റും, പൊടി പറത്തി പായുന്ന വാഹനവും, വീണ് കിടക്കുന്ന മരങ്ങളും, വാഹന ശബ്ദം കേട്ട് ഓടുന്ന മൃഗങ്ങളും, എല്ലാംകൂടി വല്ലാത്തൊരു അന്തരീക്ഷം. ഒരു ടോയ്‌ലറ്റ് കോംപ്ലക്സ് അടുത്താണ് ആ യാത്ര അവസാനിച്ചത്. എന്തിനാണ് ഡ്രൈവർ അത്രയും വേഗം വണ്ടിയോടിച്ചതെന്ന് പലർക്കും മനസ്സിലായില്ല. കുറേ പുള്ള് പക്ഷികൾ ഡ്രൈവറുടെ സീറ്റിൽ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. കാട് ആയതിനാൽ അവയ്ക്ക് മനുഷ്യരെ ഒട്ടുംതന്നെ പേടിയില്ല. ഞങ്ങളുടെ തൊട്ടടുത്ത് അവ കൊത്തി പറക്കി നടക്കുന്നു. മനുഷ്യരെ പേടിക്കേണ്ട ഒരു ജീവിയായിട്ടല്ല, തങ്ങളുടെ സഹജീവികൾ ആയിട്ടാണ് കാട്ടിൽ അവ കാണുന്നത്, മനുഷ്യർ പഠിക്കേണ്ട ഒരു പാഠമാണിത്.
മറ്റൊരു വഴിയിലൂടെ പ്രവേശന കവാടത്തിൽ എത്തി അന്നത്തെ യാത്ര അവസാനിപ്പിച്ചു. കടുവയെ കണ്ട ചാരിതാർത്ഥത്തിൽ എല്ലാവരും സന്തോഷത്തോടെ ഹോട്ടലിലേക്ക് പോയി.
പിറ്റേദിവസം രാവിലെ ആറുമണിക്ക് തന്നെ പ്രവേശന കവാടത്തിൽ ഞങ്ങൾ ഹാജരായി. പതിവ് പരിശോധനകൾ കഴിഞ്ഞ് കാട്ടിൽ പ്രവേശിച്ചു, ഇന്നത്തെ ദിവസം പക്ഷികളുടെ ഊഴമായിരുന്നു. നീലക്കാള (നീൽഗായി) കളേ ധാരാളമായി കണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ആൻറി ലോപ്പാണ് നീലക്കാള. ഇവയ്ക്ക് കാളയെക്കാൾ കുതിരയോടാണ് സാദൃശ്യം. പുള്ളിനത്തിനെ മിക്ക മരപ്പൊത്തുകളിലും കാണാൻ സാധിക്കും. കോഴിക്കാട (ഗ്രേ ഫ്രാങ്കോളിൻ) കൂട്ടങ്ങളെ കണ്ടു, വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇവ ഉത്തരേന്ത്യയിലാണ് കാണാൻ സാധിക്കുക. നീണ്ട മഴക്കാലം ഉള്ളതിനാൽ കേരളത്തിൽ ഇവയെ കാണാൻ സാധ്യത കുറവാണ്. മോതിരം കഴുത്തുള്ള പ്രാവ് (ring necked dove), ആട്ടക്കാരൻ പക്ഷി (white browed fantail), പൂന്തത്ത, വർണ്ണകോറ്റികൾ (painted stork), പെരുങ്കോക്കൻ പ്ലോവർ (great stone curlew), അങ്ങനെ നിരവധി പക്ഷികളെ കണ്ടു, വരണ്ട പ്രദേശങ്ങളെ ഇഷ്ടപ്പെടുന്ന വെള്ളി എറിയൻ (black winged kite) ഇര തേടുന്നതും കണ്ടു. പറക്കുമ്പോൾ കാറ്റിനെതിരായി ചവിട്ടി നിൽക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ഇടയ്ക്ക് ഒരിടത്ത് വണ്ടി നിർത്തിയപ്പോൾ നമ്മുടെ നാട്ടിൽ സാധാരണ കാണപ്പെടുന്ന ഓലഞ്ഞാലി കിളി കുട്ടികളുടെ കയ്യിൽ വന്നിരുന്നു ഓരോന്ന് കൊത്തി തിന്നുന്നത് കാണാനിടയായി. അവയ്ക്മനുഷ്യരെ തീരെ പേടിയില്ല! ഒൻപതരയോടെ കാട്ടിൽ നിന്നും പുറത്തു കടന്നു. ഈ യാത്രയിൽ കടുവയെ കാണാൻ സാധിച്ചില്ലെങ്കിലും ധാരാളം കിളികളെയും മറ്റു പല മൃഗങ്ങളെയും കാണാൻ സാധിച്ചു.
[കാനനപർവ്വം – 1]