ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ സ്വായി മോഡ്പൂർ നോട് യാത്ര പറഞ്ഞു ജയിപ്പൂരിലേക്ക് തിരിച്ചു. സഫാരി വാഹനം ഞങ്ങളെ സൗജന്യമായി റെയിൽവേ സ്റ്റേഷൻ കൊണ്ടുവിട്ടു തന്നു. ഇൻറർ സിറ്റി എക്സ്പ്രസിൽ ഞങ്ങൾ ജയ്പൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങി. നാലരയോടെ ജയപുരെത്തി. ഹോട്ടലിൽ ബാഗുകൾ കൊണ്ടുവച്ച ശേഷം രണ്ടു വാഹനങ്ങളിലായി ഞങ്ങൾ ജയ്പൂർ നഗരം കാണാൻ ഇറങ്ങി. 1727 ൽ മഹാരാജ സവായ് ജയ്സിംഗ് ആണ് ജയ്പൂർ നഗരം സ്ഥാപിച്ചത്.
ജയ്പൂരിലെ ആൽബർട്ട് ഹാൾ ആണ് ഞങ്ങൾ ആദ്യം സന്ദർശിച്ചത്. 1887ൽ നിർമ്മിതമായ രാജകീയ പ്രൗഡി പേറുന്ന ആ മന്ദിരം കാലത്തെ അതിജീവിച്ച് മനോഹരമായി തന്നെ ഇന്നും നിലനിൽക്കുന്നു. 1876 ൽ മഹാരാജ സേവായി റാം സിംഗ് ബഹാദുർ ഇതിൻറെ നിർമ്മാണം ആരംഭിച്ചത്, 1887 ഇൽ മഹാരാജ സേവായി മാതോ സിംഗ് ബഹാദുർ ൻ്റെ കാലത്താണ് നിർമ്മാണം പൂർത്തിയായത്. മനോഹരമായ ചിത്ര പണികൾ ചെയ്ത പ്രധാന കവാടം കടന്നു ചെല്ലുന്നത് വിശാലമായ ഒരു ഹാളിലേക്കാണ്. കാർപെറ്റ് ഗാലറി ആണിത്, പേർഷ്യൻ, മുഗൾ, ഇന്ത്യൻ കാർപെറ്റുകളുടെ വിശാലമായ ശേഖരം ഇവിടെയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ട് ജപ്പാനിൽ നിർമ്മിച്ച satsuma vase ഇവിടെയുണ്ട്, സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും സമുറായി വാരിയേഴ്സ് ആലേഖനം ചെയ്ത ഒരു വലിയ ജാർ ആണിത്. തൊട്ടടുത്ത് തന്നെ ഒരു ശില്പ ഗ്യാലറി ഉണ്ട്, മീശ മുകളിലേക്ക് പിരിച്ചുവെച്ച സെക്യൂരിറ്റി ജീവനക്കാരൻ പഴയ മഹാരാജ കാലഘട്ടത്തിലെ കാവൽക്കാരനെ പോലെ തോന്നിച്ചു. 4 മുതൽ 19 നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലെ വരാണസി, ഗാന്ധാര(പേഷവാർ, പാക്കിസ്ഥാൻ), രാജസ്ഥാൻ ശൈലിയിലുള്ള ശില്പങ്ങളാണ് ഇവിടെയുള്ളത്. ബുദ്ധൻറെയൂം ബോധിസത്വന്റെയും പ്രതിമകൾ ( നാലാം നൂറ്റാണ്ടിലെയും പന്ത്രണ്ടാം നൂറ്റാണ്ടിലെയും) പാക്കിസ്ഥാനിലെ പെഷവാറിൽ നിന്നും ലഭിച്ചവയാണ്. എട്ടാം നൂറ്റാണ്ടിലെ കാർത്തികേയ മയിൽ വാഹന ശില്പവും പത്താം നൂറ്റാണ്ടിലെ വാമന വിഷ്ണു ശില്പവും ഇവിടെയുണ്ട്. പിന്നെ കടന്നു ചെല്ലുന്നത് പുരാതന ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിലേക്കാണ്. നമ്മൾക്ക് പരിചിതമായ വാളും കുന്തങ്ങളും കത്തികളും മാത്രമല്ല വെടിമരുന്ന് പേടകങ്ങൾ, പിസ്റ്റൾകൾ, കാൽ കൈ ലോഹ രക്ഷകൾ, ദേഹരക്ഷകൾ, ഹെൽമറ്റുകൾ പലതരം അമ്പുകൾ വില്ലുകൾ എന്നിവയുടെ വൻ ശേഖരം തന്നെ ഇവിടെയുണ്ട്. പാകിസ്ഥാനിൽ 19 നൂറ്റാണ്ടിൽ നിർമ്മിച്ച പാമ്പിൻറെ ആകൃതിയിലുള്ള വാളുകൾ, ഇരുമ്പ് ചെയിനുകൾ, യുദ്ധത്തിന് ഉപയോഗിക്കുന്ന വിവിധതരം കത്തികൾ തുടങ്ങിയവ മനോഹരമായ പ്രദർശിപ്പിച്ചു വച്ചിരിക്കുന്നു. നാണയ ശേഖരമാണ് അടുത്തത്. ഈജിപ്ഷൻ മമ്മിയുടെ ഒരു പ്രതിരൂപവും അവിടെ കണ്ടു. മുഴുവൻ കൊത്തുപണികൾ ചെയ്ത വലിയൊരു വാതിൽ ഞങ്ങളെ അതിശയിപ്പിച്ചു. ആൽബർട്ട് ഹാളിന്റെ നടുമുറ്റത്ത് നിന്നാൽ ആ നിർമിതിയുടെ മനോഹര രൂപം ആസ്വദിക്കാൻ കഴിയും. ചിത്രപ്പണികളും, കൊത്ത്.പണികളും നിറഞ്ഞ ആ മനോഹരമായ സൗധം രാജസ്ഥാന്റെ ശില്പ ചാതുര്യം വിളിച്ചറിയിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു.
അവിടെ നിന്ന് ഇറങ്ങി ഞങ്ങൾ ഹവാ മഹലിന് അടുത്തെത്തി., തിരക്കേറിയ റോഡിന് അഭിമുഖമായി പിങ്ക് നിറത്തിൽ ആ സൗധം അങ്ങനെ മനോഹരമായി നിലകൊള്ളുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മഹല്ലിലെ വിളക്കുകൾ തെളിഞ്ഞു, അത് അതിലെ ചില്ലുജാലങ്ങളെ കൂടുതൽ മനോഹരങ്ങളാക്കി. 1799 ൽ മഹാരാജ സവായി പ്രതാപ് സിംഗ് ആണ് ഈ കാറ്റിന്റെ മാളിക പണികഴിപ്പിച്ചത്. അഞ്ച് നിലകളായുള്ള മാളിക സ്ത്രീകൾക്ക് പുറംലോകം വീക്ഷിക്കാനായി നിർമ്മിച്ചതാണ്. കൊട്ടാരത്തിലെ സ്ത്രീകൾക്ക് പർദ്ദയുടെ ഉപയോഗം നിർബന്ധമായിരുന്ന കാലത്താണ് ഇതിൻറെ നിർമ്മാണം. ചുവന്ന മണൽ കല്ലിൽ രജപുത്ര ശൈലിയിലുള്ള ഈ കെട്ടിടം നിർമ്മിച്ചത് ലാൽചന്ദ ഉസ്താ എന്ന ശില്പിയാണ്. കൃഷ്ണ ഭക്തനായ സവായ് പ്രതാപ് സിംഗ് കൃഷ്ണൻറെ കിരീടത്തിന്റെ ആകൃതിയിലാണ് ഹവാ മഹലിന്റെ മുൻഭാഗം രൂപകൽപ്പന ചെയ്തത്. ഹവാ മഹലിലേക്കുള്ള പ്രവേശനം മഹലിന് പിന്നിലൂടെയാണ്.
8 മണിയോടെ ജലമഹാലിന് അടുത്തെത്തി. മാൻസാഗർ തടാകത്തിന് നടുക്ക് മണൽ കല്ലുകളിൽ നിർമ്മിച്ച ഈ കൊട്ടാരം 19 നൂറ്റാണ്ടിൽ മഹാരാജാ സവായി, ജയ്സിംഗ് രണ്ടാമനാണ് നിർമ്മിച്ചത്. അഞ്ചു നിലകളുള്ള കൊട്ടാരത്തിന്റെ മൂന്നുനിലകൾ ജലത്തിനടിയിലാണ്. മുഗൾ രൂപകൽപ്പനയുടെ സ്വാധീനത്തിൽ രജപുത്ര വാസ്തുവിദ്യ ശൈലിയിൽ നിർമ്മിച്ച ആ കൊട്ടാരം കാഴ്ചയുടെ വിരുന്നൊരുക്കി ഇന്നും നിലകൊള്ളുന്നു. രാത്രി ആയതിനാൽ ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു. ഇടയ്ക്കൊരു സിഗ്നൽ ജംഗ്ഷനിൽ കാർ നിർത്തിയപ്പോൾ വർണ്ണ ബലൂണുകളുമായി നാലഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടി കാറിൻറെ ഗ്ലാസിൽ വന്നു മുട്ടാനും, വിളിക്കാനും തുടങ്ങി. നിഷ്കളങ്കമായ അവളുടെ മുഖം കണ്ടപ്പോൾ ഗ്ലാസ് അൽപ്പം താഴ്ത്തി ഒരു നോട്ട് അവൾക്ക് നൽകി. അവൾ അത് വാങ്ങിയശേഷം ബലൂൺ എനിക്ക് തരാൻ തുടങ്ങി. ഞാനത് വേണ്ട എന്നുള്ള അർത്ഥത്തിൽ ഗ്ലാസ് അടയ്ക്കാൻ തുടങ്ങിയപ്പോൾ അവൾ ധൃതിയിൽ ആ ബലൂണുകൾ മുഴുവൻ ഗ്ലാസിന് മുകളിലൂടെ അകത്തേക്കിടാൻ നോക്കി. ബലൂണുകൾ പുറത്തേക്ക് തന്നെ തള്ളി ഒരുവിധം ഞാൻ ആ ഗ്ലാസ് അടച്ചു. സിഗ്നൽ ലഭിച്ചതിനാൽ വാഹനം അപ്പോഴേക്കും നീങ്ങാൻ തുടങ്ങിയിരുന്നു, അവളുടെ ആങ്ങള എന്ന് തോന്നിക്കുന്ന ആറ് ഏഴ് വയസ്സുള്ള ഒരു പയ്യൻ ഇത് കണ്ട് ഓടിവന്ന് കാറിൻറെ ഗ്ലാസിൽ തട്ടി വിളിക്കാൻ തുടങ്ങി. അപ്പോഴേക്കും വാഹനം വേഗത ആർജിച്ചിരുന്നു. ഞാൻ തിരിഞ്ഞ് പിന്നിലെ ഗ്ലാസിലൂടെ നോക്കിയപ്പോൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ വാ തുറന്ന് ഉറക്കെ കരയുന്ന അവൻറെ രൂപവും, തൊട്ട് പിന്നിൽ കിട്ടിയ നോട്ടുമായി ആശ്ചര്യപ്പെട്ടു സന്തോഷിച്ച് നിൽക്കുന്ന അനിയത്തിയും നോവിന്റെ ചിത്രമായി അവശേഷിച്ചു.
പിറ്റേദിവസം രാവിലെ 5.30 മണിക്ക് തന്നെ റെഡിയായി ഹോട്ടലിന് മുമ്പിലുള്ള സഫാരി സെൻറർ ഗേറ്റിൽ എത്തി. സഫാരി സെന്ററിന്റെ ഇടതുവശത്താണ് ഹിൽവ്യൂ എന്ന ഞങ്ങളുടെ ഹോട്ടൽ. സഫാരി സെൻറർ വലതുവശത്ത് ഒരു പുള്ളിപ്പുലി ഇന്റർപ്രെട്ടേഷൻ സെൻറർ ഉണ്ട്. ജലന കാടിനെ പറ്റിയും പുള്ളി പുലികളുടെ സ്വഭാവ സവിശേഷതകളെ പറ്റിയും പ്രതിപാദിക്കുന്ന ഒരുപാട് ചിത്രങ്ങളും വിവരണങ്ങളും അവിടെയുണ്ട്. ജയ്പൂരിന്റെ തെക്ക് കിഴക്കേ ഭാഗത്താണ് ജലന കാടുകൾ സ്ഥിതി ചെയ്യുന്നത്. ആരവല്ലി മേഖലയിലെ രണ്ട് കുന്നുകൾക്ക് ഇടയ്ക്കാണ് ഈ കാടുകൾ സ്ഥിതി ചെയ്യുന്നത്. ഉഷ്ണമേഖല ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്.
രാവിലത്തെ സഫാരിക്ക് ടാറ്റയുടെ ഇലക്ട്രിക് വണ്ടിയാണ് ഞങ്ങൾക്ക് കിട്ടിയത്. ശബ്ദമില്ലാത്ത ആ വാഹനത്തിൽ ഉണങ്ങി വരണ്ട കാട്ടിലൂടെ ഞങ്ങൾ പുള്ളി പുലിയെ തിരഞ്ഞ് യാത്ര തുടങ്ങി. ഇടയ്ക്ക് കാട്ടുമുയലുകൾ വാഹനത്തിന് കുറുകെ കടന്നുപോയി. ധാരാളം മയിലുകളെയും, മണ്ണിലെ മാളങ്ങളിൽ ഒളിച്ചിരിക്കുന്ന മോണിറ്റർ ലിസാർഡ് നേയും, മഞ്ഞക്കാലി പച്ചപ്രാവിനെയും ധാരാളമായി കണ്ടു. കുറെ നേരം ചുറ്റിത്തിരിയെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിയാത്ത നിരാശയിൽ നിൽക്കുമ്പോൾ ഞങ്ങളുടെ ഡ്രൈവർക്ക് ഒരു ഫോൺ വിളി എത്തി. സമീപത്ത് പുള്ളിപ്പുലിയുടെ ദർശനം കിട്ടിയിരിക്കുന്നു. ഞങ്ങൾ അവിടേക്ക് പെട്ടെന്ന് പാഞ്ഞ് എത്തി. ഞങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ള പകുതി പേർ മറ്റൊരു ജിപ്സിയിലാണ് യാത്ര ചെയ്തത്, അവർക്കാണ് ഗസൽ എന്ന് പേരുള്ള പെൺപുലിയെ കാണാൻ അവസരം ലഭിച്ചത്. അവർ അങ്ങനെ യാത്ര ചെയ്തു വരുമ്പോൾ പെട്ടെന്ന് കാടിൻറെ വലതു സൈഡിൽ പുള്ളിപ്പുലിയെ മുൻസിട്ടിലിരുന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ചിന്മയ് കാണുകയും, വണ്ടി പെട്ടെന്ന് നിർത്തുകയും ആയിരുന്നു. പുള്ളിപ്പുലി റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ, വാഹനം പെട്ടെന്ന് റിവേഴ്സ് എടുക്കാൻ നോക്കിയപ്പോൾ ഗിയർ ശബ്ദം ഉണ്ടാക്കുകയും, അതിൽ അസ്വസ്ഥമായ പുള്ളിപ്പുലി പെട്ടെന്ന് തന്നെ റോഡ് മുറിച്ച് കടന്നു മറുവശത്തെ കാട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. ആ വണ്ടിയിലെ ചിലർക്ക് അതിൻറെ വീഡിയോയും ഫോട്ടോയും കിട്ടി. തൊട്ടു മുന്നിലൂടെ പെട്ടെന്ന് കടന്നുപോയതിനാൽ വാഹനത്തിന്ന് മുന്നിലിരുന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്ക് തങ്ങളുടെ സൂം ലെൻസിൽ അതിനെ പകർത്താൻ കഴിഞ്ഞില്ല. പുള്ളിപ്പുലി റോഡ് മുറിച്ചു കിടക്കുന്നതിനിടയ്ക്ക് രൂക്ഷമായ ഒരു നോട്ടം എറിയുന്ന ഫോട്ടോകൾ ഞങ്ങളെ കാണിച്ച് ഞങ്ങളുടെ കൂടെയുള്ളവർ ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരുന്നു. കുറെ നേരം കൂടി ഞങ്ങൾ ആ കാട്ടിൽ ചുറ്റിയടിച്ചെങ്കിലും രണ്ടു പുള്ളിനത്തിനേയും,, നീൽഗായ് മാനുകളെയും മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.
രാവിലത്തെ സഫാരി കഴിഞ്ഞ് ഒരു ഉബർ ടാക്സി വിളിച്ച് ഞങ്ങൾ നാലുപേർ ജയ്പൂർ നഗരത്തിൽ ഷോപ്പിങ്ങിനു പോയി. ഹവാ മഹലിനു മുൻപിൽ ഞങ്ങളെ ഇറക്കി ടാക്സി കടന്നുപോയി. ഹവ മഹൽ വിശദമായി ഒന്ന് കാണാമെന്ന് തീരുമാനിച്ചു ഞങ്ങൾ ടിക്കറ്റ് എടുത്ത് അകത്തു കടന്നു. പിറകിലൂടെയാണ് ഹവാ മഹലിന് ഉള്ളിലേക്കുള്ള പ്രവേശന കവാടം. ഒരു പിരിയൻ ഗോവേണിയിലൂടെ നടന്നു കയറി ഹവാമഹലിൻറ് മുകളിലത്തെ നിലയിൽ എത്തി. അവിടെ നിന്നാൽ ജയ്പൂർ നഗരത്തിന്റെ ഒരു ആകാശദൃശ്യം ലഭിക്കും. മഹലിന്റെ മുകൾഭാഗം ഇടുങ്ങിയതാണ്. അതിൻറെ പിൻവശം ജലധാരയോടു കൂടിയ ഒരു നടുമുറ്റവും അതിന് ചുറ്റുമുള്ള മറ്റു കെട്ടിടങ്ങളും ആണ്. മഹലിൻ്റെ മുകളിലുള്ള ചെറിയ കിളിവാതിലൂടെ നോക്കിയാൽ നഗരത്തിന്റെ ഓരോ ഭാഗവും കാണാൻ സാധിക്കും. അതിൻറെ ഇടതും വലതും ചെറിയ മീനാരങ്ങളുണ്ട്, നമുക്ക് അവിടേക്കും പോകാൻ സാധിക്കും. പിരിയൻ ഗോവണി ഇറങ്ങി താഴത്തെ നടുമുറ്റത്തെത്തി. അവിടെ മനോഹരമായ ഒരു ജലധാരയുണ്ട്, അതിദീർഘമായ ഒരിടനാഴിയിലൂടെ കുറെ നടന്ന് അവസാനം മഹലിനു വെളിയിൽ എത്തി. അവിടെയൊരു പാവക്കൂത്ത് നടക്കുന്നുണ്ടായിരുന്നു. ചുവപ്പും പിങ്കും മണൽ കല്ലുകളിൽ നിർമ്മിച്ച ആ മനോഹര നിർമ്മിതിയിൽ 953 ചിത്ര പണികൾ ചെയ്ത ചില്ലു ജാലകങ്ങൾ ഉണ്ട്. രജപുത് – ഇസ്ലാമിക് മുഗൾ വാസ്തുവിദ്യശൈലി സംയോജിപ്പിച്ച് നിർമ്മിച്ച ആ മനോഹര നിർമ്മിതയുടെ മുൻഭാഗത്ത് നിന്നും ചില ചിത്രങ്ങൾ പകർത്തിയ ശേഷം ഷോപ്പിങ് നടത്താനായി നഗരത്തിലേക്ക് നടന്നു. ഞായറാഴ്ച ആയതിനാൽ മിക്ക കടകളും തുറന്നിട്ടില്ലായിരുന്നു. വർണ്ണ ശബളമായ തുണിത്തരങ്ങൾക്കും, അലങ്കാര പാത്രങ്ങൾക്കും, കാർപെറ്റുകൾക്കും, തുകൽ അനുബന്ധ വസ്തു ക്കൾക്കും പേരുകേട്ട സ്ഥലം ആണല്ലോ ജയ്പൂർ. പല കടകൾ കയറിയിറങ്ങി അവസാനം സിറ്റി പാലസിന് മുന്നിലെത്തി. സിറ്റി പാലസിന് തൊട്ടടുത്തുള്ള രാംചന്ദ്ര കുൽഫി സെൻറർ പല രുചികളുള്ള ലസികൾ ലഭിക്കുന്ന കടയാണ്. വിവിധതരം ലസ്സികൾ രുചിച്ച ശേഷം തിരിച്ച് ഹോട്ടലിലേക്ക് മടങ്ങി.
വൈകുന്നേരത്തെ സഫാരി തുടങ്ങുന്നതിനു മുന്നേ തന്നെ സഫാരി സെന്ററിന്റെ ഗേറ്റിൽ എത്തി. പുള്ളിപ്പുലി ഇൻഫർമേഷൻ സെൻററിൽ കയറി അതിനകത്ത് കാഴ്ചകൾ കണ്ടു. പുള്ളിപ്പുലികളെ കൂടാതെ കാട്ടുപൂച്ച, ഹയന, സാമ്പാർ മാനുകൾ, നിൽഗായി, കുറുക്കൻ, മുള്ളൻ പന്നി, പറക്കുന്ന അണ്ണാൻ തുടങ്ങി മൃഗങ്ങളും പലതരം ഉരഗങ്ങളും പക്ഷികളും ഈ കാട്ടിൽ ഉണ്ടെന്ന് അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന പട്ടിക കാണിച്ചുതരുന്നു. പലരും പകർത്തിയ പുള്ളിപ്പുലികളുടെ ഫോട്ടോകൾ അവിടെ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. രോഹിത് ഗംഗ്വാൾ പകർത്തിയ നിഷ്കളങ്കനായ ഒരു കൊച്ചു മാൻകുട്ടിയുടെ അടുത്ത് കിടക്കുന്ന പുള്ളിപ്പുലിയുടെ ചിത്രം എന്നെ വല്ലാതെ ആകർഷിച്ചു. ഹയാനെയും പുള്ളിപ്പുലികളും തമ്മിൽ അധികാരപരിധിക്ക് വേണ്ടിയുള്ള ആക്രമണങ്ങളുടെ ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.
പുള്ളിപ്പുലികൾ ഏത് സാഹചര്യവുമായി പെട്ടെന്ന് തന്നെ പൊരുത്തപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ ഗ്രാമ നഗര വ്യത്യാസമില്ലാതെ അവയെ എവിടെയും കാണാവുന്നതാണ്. രാത്രിഞ്ചരനായ ഇവ രാവിലെ വിശ്രമിക്കാറാണ് പതിവ്. പുള്ളിപ്പുലി കളുടെ ആകാരവും ശക്തിയും തമ്മിലുള്ള അനുപാതം നോക്കിയാൽ, ഉയർന്ന ശാരീരിക ക്ഷമതയാണ് ഇവയ്ക്കുള്ളത്. തന്നെക്കാൾ ഇരട്ടി ഭാരമുള്ള ഇരയുമായി അനായാസം ഉയർന്ന മരക്കൊമ്പിളിൽ കയറാൻ ഇവയ്ക്ക് കഴിയും. 58 kmph വേഗതയിൽ ഓടാനും ഇവയ്ക്ക് കഴിയും. ജലനിയിലെ രാജാക്കന്മാർ പുള്ളി പുലികൾ ആണെങ്കിലും അധികാരപരിധിക്ക് വേണ്ടി ഹയനകളുമായി സംഘട്ടനത്തിൽ ഏർപ്പെടേണ്ടി വരാറുണ്ടെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഓരോ പുള്ളിപ്പുലിയുടെ ദേഹത്തുള്ള മഞ്ഞനിറത്തിലെ കറുപ്പ് പുള്ളികൾ തികച്ചും വ്യത്യസ്തമായിരിക്കും, അത് നോക്കി ഇവയെ തിരിച്ചറിയാൻ സാധിക്കും. ആൺ പുള്ളിപ്പുലികൾ പെൺ പുലികളെക്കാളും വലുപ്പമെറിയവയാണ്. ആൺ പുള്ളിപ്പുലികൾ 50- 77kg വരെയും പെൺ പുള്ളിപുലികൾക് 42-60kg വരെയും ഭാരം ഉണ്ടാകാറുണ്ട്. കൂടുതൽ സമയം ആൺ പുള്ളിപ്പുലികൾ ഒറ്റയ്ക്കാണെങ്കിലും ഇണചേരാനായി ഏഴെട്ട് ദിവസങ്ങളോളം ഒന്നിച്ചു കഴിയാറുണ്ട്. കുട്ടികൾ 18 മുതൽ 20 മാസം വരെ അമ്മയോടൊപ്പം ആണ് കഴിയുക. അതിനിടയ്ക്ക് തന്നെ ഇര തേടാനും, വേട്ടയാടാനും പഠിച്ചു കഴിഞ്ഞിട്ടുണ്ടാവും. ചിലപ്പോൾ കഴിഞ്ഞ പ്രസവത്തിലുള്ള കുട്ടികളെയും അമ്മ കൂടെ കൂട്ടാറുണ്ടെന്ന് അവിടുത്തെ ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ഒരു പ്രസവത്തിൽ ഒന്നുമുതൽ നാലു വരെ കുട്ടികൾ ഉണ്ടാവാറുണ്ട്. 14 മുതൽ 16 വർഷം വരെയാണ് അവയുടെ ആയുർദൈർഘ്യം. മാൻ, മയിൽ, കുരങ്ങ്, കാട്ടുമുയൽ, പലതരം ഉരഗങ്ങൾ, തരം കിട്ടിയാൽ വളർത്തു മൃഗങ്ങളെ വരെ ഇവ ശാപ്പിടാറുണ്ട്. 1950 വരെ ഈ കാടുകളിൽ കടുവകളും ഉണ്ടായിരുന്നു. ഇപ്പോൾ കടുവാകൾ ഈ കാട്ടിൽ ഇല്ല. ചുറ്റുമുള്ള പ്രദേശങ്ങൾ വളരുകയും ജലന കാടുകൾ 23 സ്ക്വയർ കിലോമീറ്റർ ആയി ചുരുങ്ങുകയും ചെയ്തപ്പോൾ 2018 ൽ ഈ കാടുകളെ പുള്ളിപ്പുലി റിസർവ്വായി പ്രഖ്യാപിക്കുകയും ചെയ്തു.
അഞ്ചുമണിയോടെ അന്നത്തെ സഫാരി ആരംഭിച്ചു. നല്ല ചുറു ചുറുക്കുള്ള ചെറുപ്പക്കാരനായ ഒരു ജിപ്സി ഡ്രൈവറാണ് ഇപ്രാവശ്യം. രാവിലെ പുള്ളിപ്പുലിയെ കണ്ടുവോ എന്ന് അയാൾ അന്വേഷിച്ചു. ഞങ്ങൾ ഇല്ല എന്ന് പറഞ്ഞപ്പോൾ കാട്ടിത്തരാം എന്നായി അയാൾ. കാട്ടുമുയലുകളെയും, നീൽഗായി, സാമ്പാർ മാനുകൾ, മയിലുകൾ തുടങ്ങിയ സ്ഥിരം കാഴ്ചകൾ അല്ലാതെ വേറൊന്നുമില്ല! ഓരോ ജീവികളെയും കാണിക്കുമ്പോൾ, ഓ ഇതൊക്കെ എത്ര കണ്ടതാണ്, എന്ന ഭാവത്തിൽ ഞങ്ങളിരുന്നു!
പുള്ളിപ്പുലിയെ കാണാൻ കഴിയാത്ത വൈഷമ്മത്തിൽ ഞങ്ങൾ അങ്ങനെ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന്, ഒരു ജിപ്സി പിന്നിലൂടെ പൊടി പറത്തി വരുന്നത് സൈഡ് മിററിലൂടെ ഞങ്ങൾ കണ്ടു. എവിടെയെങ്കിലും സൈറ്റിങ് കിട്ടുമ്പോഴാണ് അവർ ഇങ്ങനെ പറന്നുവരുന്നത്. സൈഡ് മിററിൽ ജിപ്സിയെ കണ്ടതും ഞങ്ങളുടെ ജിപ്സിയും ലക്ഷ്യമില്ലാതെ പറക്കാൻ തുടങ്ങി. പിറകിൽ വന്ന ജിപ്സി ഞങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതല്ലാതെ എവിടെയാണ് സൈറ്റിംഗ് എന്ന് പറയുന്നില്ല. ഞങ്ങൾ അവരെ ഓവർടേക്ക് ചെയ്യാൻ അനുവദിക്കാതെ മുന്നിൽ തെളിഞ്ഞു കാണുന്ന വഴിയിലൂടെ പറ പറക്കാൻ തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ ഒന്ന് രണ്ട് ജിപ്സുകൾ അവിടെ കിടക്കുന്നത് കാണാനിടയായി. പുള്ളിപ്പുലി അവിടെ വെള്ളം കുടിക്കാൻ വന്നിരുനെന്നും കാട്ടിലേക്ക് തിരികെ കയറിപ്പോയെന്നും ആ ജിപ്സിയിൽ ഉള്ളവർ പറഞ്ഞു. പിന്നെയും നിരാശ!
ഞങ്ങളുടെ ഡ്രൈവർ എന്താ തീരുമാനിച്ച പോലെ പുലി നിന്ന് ഭാഗത്ത് സൂക്ഷിച്ച് നോക്കിക്കൊണ്ട് മറ്റൊരു വഴിയെ ജിപ്സി വിട്ടു, “വണ്ടി” എന്ന് ഞങ്ങൾ ആർത്തു വിളിച്ചപ്പോഴാണ് ഡ്രൈവർ ഒരു മരത്തിന്റെ മറുവശത്തു നിന്ന് പാഞ്ഞു വരുന്ന മറ്റൊരു ജിപ്സിയെ കണ്ടത്. മറ്റേ ജിപ്സിക്കാരൻ ഞങ്ങളുടെ ജിപ്സിയെ കണ്ടിട്ട് തന്നെ ഇല്ലായിരുന്നു. ഞങ്ങൾ മലയാളത്തിൽ അലറിയില്ലാരുന്നെങ്കിൽ പുള്ളിപ്പുലിക്ക് കുറച്ചു ദിവസത്തേക്ക് സുഭിക്ഷമായ ഒരു സദ്യ തന്നെ കിട്ടിയേനെ!
ആ കുറ്റികാടിൻറെ മറ്റൊരു സൈഡിൽ കൊണ്ട് ചെന്ന് ജപ്സി ഓഫ് ചെയ്തു, ആ കുറ്റിക്കാട്ടിലോട്ട് നോക്കി ഡ്രൈവർ ഇരുപ്പായി. മറ്റൊന്നും ചെയ്യാനില്ലാത്തോണ്ട് ഞങ്ങളും അങ്ങോട്ട് തുറിച്ചു നോക്കിയിരുന്നു. അല്പം കഴിഞ്ഞപ്പോൾ അവിടെ ഒരു ചെറിയ അനക്കം, സാമ്പാർ മാൻ ആണെന്നാണ് ആദ്യം കരുതിയത്, സൂക്ഷിച്ചു നോക്കിയപ്പോൾ അതാ ഒരു പുലി. ഒരു പെൺ പുലിയാണ് അവൾ ഞങ്ങളുടെ ജിപ്സി കിടക്കുന്ന വശത്തേക്ക് തന്നെയാണ് നടന്നുവരുന്നത്. ഞങ്ങൾ ക്യാമറ എടുത്തു തിരുതുര ഫോട്ടോ എടുക്കാൻ തുടങ്ങി. അന്നേരത്തേക്കും ഒന്ന് രണ്ട് ജിപ്സുകളും അവിടേക്ക് പാഞ്ഞെത്തി, അതിൽ ഒരു ജിപ്സിയിലെ കൊച്ചു കുട്ടി പെട്ടെന്ന് കരയാൻ തുടങ്ങി. മാത്രമല്ല മൊബൈലിൽ ഫോട്ടോ പകർത്താനുള്ള തിരക്കിൽ അതിൻറെ ഡ്രൈവർ സീറ്റിൽ ചാടി കയറിയപ്പോൾ കാലു തട്ടി ഫോൺ മുഴങ്ങുകയും ചെയ്തു. ഇതെല്ലാം കേട്ടപ്പോൾ ആ പുള്ളിപ്പുലി തിരിച്ച് കാട്ടിലേക്ക് തന്നെ നടന്നകുന്നു. ഫോട്ടോ കിട്ടിയെങ്കിലും വെളിച്ചക്കുറവിനാൽ നല്ല ദൃശ്യങ്ങൾ കിട്ടിയില്ല. പുള്ളിപ്പുലിയെ കണ്ട സമാധാനത്തിൽ ഞങ്ങൾ കാത്തിരിക്കാൻ തീരുമാനിച്ചെങ്കിലും, വീണ്ടും ഡ്രൈവർ മറ്റൊരു വഴിയെ കാടിൻറെ മറുപുറം ലക്ഷ്യമാക്കി വണ്ടി പായിച്ചു. പുലിയുടെ മുൻവശത്ത് എത്തുകയാണ് അവൻ ഉദ്ദേശിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലായി. പക്ഷേ കുറെ വഴികളുടെ കറങ്ങി അവസാനം ലക്ഷ്യം കിട്ടാതെ എവിടെയോ എത്തി. അവൻ ഉദ്ദേശിച്ച സ്ഥലം മാറിപ്പോയി എന്ന് ഞങ്ങൾക്ക് മനസ്സിലായി.
അവിടെ അങ്ങനെ നിന്നിട്ട് കാര്യമില്ലാത്ത കൊണ്ട് തിരിച്ച് വന്ന വഴിയേ തന്നെ വീണ്ടും മുന്നോട്ട് യാത്ര തുടങ്ങി. കുറെ ചെന്നപ്പോൾ ഞങ്ങളുടെ ഡ്രൈവർക്ക് ഒരു ഫോൺ കോൾ. മുമ്പിലൊരിടത്ത് പുള്ളിപ്പുലി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീണ്ടും ഞങ്ങളുടെ ജിപ്സി പറ പറക്കാൻ തുടങ്ങി. വളരെ മുൻപിൽ ഒരു ജിപ്സി പൊടി പറത്തി മിന്നായം പോലെ പായുന്നുണ്ട്, അതിനു പിറകെ ഞങ്ങളും പാഞ്ഞു തുടങ്ങി, കുറെ ചെന്നപ്പോൾ വഴി രണ്ടായി പിരിയുന്നു. മുന്നിൽ പോയ ജിപ്സി കാണാനുമില്ല, ഞങ്ങളുടെ ഡ്രൈവർ വലത്തോട്ട് കാണുന്ന വഴിയിലോട്ട് തിരിഞ്ഞു. ഞങ്ങൾ നോക്കിയപ്പോൾ ആ റൂട്ടിൽ പൊടി കാണുന്നില്ല. ഇടത്തെ റോഡിൽ പൊടി പറന്ന മാതിരിയും തോന്നുന്നുണ്ട്. വണ്ടി തിരിച്ച് ഇടതു റൂട്ടിലൂടെ കുറെ ചെന്നപ്പോൾ ഒരു ചെറിയ ജലസംഭരണിയുടെ അടുത്ത് പുള്ളിപ്പുലി കിടന്നുറങ്ങുന്നു. ഞങ്ങളുടെ മറ്റേ ടീം ഞങ്ങളെക്കാളും മുമ്പിൽ അവിടെയെത്തി പുള്ളിപ്പുലിയുടെ ഫോട്ടോകൾ പകർത്തി കഴിഞ്ഞിരുന്നു. പുള്ളിപ്പുലി മയക്കം തുടങ്ങിയതിനാൽ അവർ മറ്റൊരു സ്ഥലത്തേക്ക് പോയി. ഞങ്ങൾ പുലി ഉണരുന്നതും കാത്ത്, ഇരിപ്പു തുടങ്ങി. വേറെ രണ്ട് ജിപ്സികളും അവിടെ ഉണ്ടായിരുന്നെങ്കിലും പുലി ഉറങ്ങുക ആയതിനാൽ അവരും മടങ്ങി. ഞങ്ങൾ ഞങ്ങളുടെ ജിപ്സി പുലിയുടെ വളരെ അടുത്തോട്ട് വ്യക്തമായി കാണുന്ന രീതിയിൽ നീക്കിയിട്ടു. തൊട്ട് മുമ്പിൽ ജലസംഭരണിയുടെ തിട്ടയിൽ കാലുകൾ ഉയർത്തി വെച്ച് അതാ ‘പ്രിൻസ് ഓഫ് ജലന’, മയങ്ങുന്നു. റാണ എന്ന ആൺ പുലിയാണ്, ജലന കാടുകളുടെ ഇപ്പോഴത്തെ അധിപനാണ്. അല്പനേരം അങ്ങനെ കിടന്നു മയങ്ങിയശേഷം പിന്നെ തിരിഞ്ഞു കിടന്നു, ഇടയ്ക്കൊന്നു കൺതുറന്നു നോക്കിയപ്പോൾ മുന്നിൽ ഞങ്ങൾ! തലയുയർത്തി അൽപനേരം രൂക്ഷമായി ഞങ്ങളെ നോക്കി. വല്ലാത്ത നോട്ടം തന്നെ. പക്ഷേ നല്ലൊരു അവസരം കളയരുതല്ലോ, ക്യാമറ ശരിയാക്കി ഫോട്ടോകൾ എടുക്കാൻ തുടങ്ങി. നോട്ടം കുറച്ചുകൂടെ രൂക്ഷമായി, പിന്നെ മയക്കം വന്നതു കൊണ്ടോ, അതോ മുന്നിൽ നിൽക്കുന്നവർ ഉപദ്രവകാരികൾ അല്ല എന്ന് തോന്നിയതുകൊണ്ടോ ഉറക്കം തുടർന്നു. ഞങ്ങൾ വീണ്ടും കാത്തിരിപ്പായി.
അവൻറെ കഴുത്തിൽ രക്തം പുരണ്ടു ഇരിപ്പുണ്ട്, മൂക്കിനു മുകളിൽ പുതിയത് എന്ന് തോന്നിക്കുന്ന നല്ലൊരു മുറിവുമുണ്ട്. ഒരു ഇരപിടിത്തമോ, അധികാര പരിധിക്കുള്ള തർക്കമോ നടന്ന മാതിരി തോന്നുന്നുണ്ട്. അവൻറെ ശ്വാസഗതിക്കനുസരിച്ച് വയർ ഉയർന്നതാഴുന്നതും, തൊട്ടടുത്ത് ഇരുന്ന് ഒരു തിത്തിരി പക്ഷി ശബ്ദമുണ്ടാക്കുന്ന അസ്വസ്ഥതയാൽ തല ഇടയ്ക്ക് ഉയർത്തുന്നതും ശ്രദ്ധിച്ച് ഞങ്ങളിരുന്നു. മയക്കം കഴിഞ്ഞതിനാലോ, തിത്തിരി പക്ഷിയുടെ ചിലപ്പ് അസ്വസ്ഥമാക്കിയതിനാലോ പതിയെ ഉറക്കം വിട്ട് അവൻ ഉണർന്നു. ജലസംഭരണിയുടെ അടുത്തേക്ക് നടന്നു കുനിഞ്ഞിരുന്ന് വെള്ളം കുടിക്കാൻ തുടങ്ങി. ഇടയ്ക്ക് രൂക്ഷമായും, അലക്ഷ്യമായും ഞങ്ങളെ നോക്കുന്നുണ്ട്. കുറച്ച് നേരം വെള്ളം കുടിച്ച ശേഷം തിരിഞ്ഞു നോക്കാതെ നേരെ കാട്ടിലേക്ക് നടന്നകുന്നു. അവൻ നടന്ന അകലുന്നത് ഭംഗിയായി പകർത്താൻ ഞങ്ങളുടെ ജിപ്സി ഡ്രൈവർ വണ്ടി കുറച്ചു മുന്നോട്ടു നീക്കിയിട്ടു. വെളിച്ചം മങ്ങിയതിനാലും, കാട്ടിൽ നിന്ന് ഞങ്ങൾക്ക് പുറത്ത് കടക്കാനുള്ള സമയം അധികരിച്ചതിനാലും വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ അവിടുന്ന് വന്ന വഴിയെ തന്നെ തിരിച്ചു പോയി. ഞങ്ങളുടെ തൊട്ടുമുന്നിൽ ഇതുവരെ ഒരു കൊച്ചു കുട്ടിയെ പോലെ മയങ്ങി കിടന്നിരുന്നത് ജലനയുടെ അധിപനായ റാണ എന്ന പുള്ളി പുലിയാണ് എന്നകാര്യം ഞങ്ങളെ കോൾമയിർ കൊള്ളിച്ചു. കൂസലില്ലാത്ത പ്രകൃതം കൊണ്ടും, സ്വന്തം പരാക്രമം കൊണ്ടും, ആകാരഭംഗി കൊണ്ടും വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർമാരുടെ ഹരമായി മാറിയിട്ടുണ്ട് റാണ.
[കാനനപർവ്വം – 2]