പിറ്റേദിവസം രാവിലെ തന്നെ ജലനയോട് യാത്ര പറഞ്ഞു ഗീർ വനം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി. ട്രെയിനിൽ ആദ്യം അഹമ്മദാബാദിലെത്തി. ഒരു കന്നടക്കാരന്റെ തട്ടുകടയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഞങ്ങൾ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തി. വരുന്ന വഴിയിൽ സബർമതി നദിയുടെ കുറുകെയുള്ള പാലത്തിൽ കയറിയപ്പോൾ താഴെ ഗാന്ധിജിയുടെ സബർമതി ആശ്രമം കണ്ടിരുന്നു. അഹമ്മദാബാദിൽ നിന്നും ട്രെയിനിൽ ഗീർനു തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെനിന്നും ഹോട്ടലിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ രണ്ട് ഇന്നോവ കാറുകൾ എത്തിയിരുന്നു. അതിൽ ഞങ്ങൾ യാത്ര തുടങ്ങി, മാന്തോട്ടങ്ങൾ നിരയിട്ട വിശാലമായ കൃഷി സ്ഥലങ്ങളാണ് രണ്ടുവശവും. റോഡ് ടാറിങ് നടക്കുന്നതിനാൽ ഇടയ്ക്ക് വഴി തിരിഞ്ഞു പോകുന്നുണ്ട്. വഴിക്കരിടത്ത് നിർത്തി ഭക്ഷണം കഴിച്ചു, റോഡ്സൈഡിൽ മാമ്പഴങ്ങൾ വിൽക്കാൻ വച്ചിട്ടുണ്ട്. ഒന്നര മണിക്കൂറോളം യാത്ര ചെയ്തു സന്ധ്യയോടെ ഗീർ വനത്തിൽ ഞങ്ങൾ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തി. വരുന്ന വഴിയിൽ സിംഹങ്ങളെ ചിലപ്പോൾ കാണാൻ സാധിക്കും എന്ന് ഡ്രൈവർ പറഞ്ഞെങ്കിലും ഒന്നിനെയും കാണാൻ കഴിഞ്ഞില്ല. ഹോട്ടലിൽ വന്ന്, ഫ്രഷായി ഇറങ്ങി വന്നപ്പോഴേക്കും രാത്രിയായി കഴിഞ്ഞിരുന്നു. എങ്കിലും സഫാരി സെൻററിനു മുൻവശത്തേക്ക് ഞങ്ങൾ വെറുതെ നടന്നു. സഫാരി സെന്ററിന്റെ മുൻവശത്ത് കുറെ കടകൾ ഉണ്ട്. മാമ്പഴത്തിൽ നിന്നുണ്ടാകുന്ന വിവിധ പലഹാരങ്ങളും, മാമ്പഴ പൾപ്പുകളും വിൽക്കുന്ന കടകളാണ് അധികവും. ഒരു കടയിൽ കയറി ഒരു മാമ്പഴ ഷേക്ക് കഴിച്ചു നോക്കി, നല്ല രുചിയുണ്ട്.

ഗിർ-ലെ സഫാരി സെന്റർ

അടുത്തദിവസം രാവിലെ അഞ്ചരയ്ക്ക് തന്നെ ഗീർ സഫാരി സെന്ററിന് മുന്നിൽ ഹാജരായി. ഞങ്ങൾക്കുള്ള ജിപ്സി അലോട്ട് ചെയ്തു, ഇന്ന് സോൺ രണ്ട് ലോട്ടാണ് ഞങ്ങൾ പോകുന്നത്, ഞങ്ങളുടെ കൂടെയുള്ള മറ്റൊരു കൂട്ടർ സോണി ഏഴിലേക്കും പോയി. വണ്ടി മെയിൻ റോഡിലൂടെ അല്പം ഓടിയ ശേഷം വലത്തോട്ട് തിരിഞ്ഞ് വനത്തിനുള്ളിലേക്ക് തിരിഞ്ഞു. പ്രധാന പ്രവേശന കവാടം കടന്നു ചെന്നപ്പോൾ തന്നെ പാതയിൽ സിംഹങ്ങളുടെ കാൽപ്പാടുകൾ കാണുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം രണ്ട് സിംഹങ്ങൾ പ്രവേശന കവാടം വരെ വന്നിരുന്നു എന്ന് ഗൈഡ് പറഞ്ഞു. സിംഹങ്ങളെ കാണാൻ പറ്റുമെന്ന് പ്രതീക്ഷയിൽ ഞങ്ങളിരുന്നു. കുറെ ചെന്നപ്പോൾ വാഹനം നിർത്തി ഗൈഡ് തൊട്ടടുത്ത ഒരു മരത്തിലേക്ക് ചൂണ്ടി, അതിൻറെ പോത്തിൽ ഒരു ചെവിയൻ നത്ത് ഇരിപ്പുണ്ടായിരുന്നു. അതിനു തൊട്ടു മുകളിലെ മരക്കൊമ്പിൽ വേറൊരു നത്തിരിക്കുന്നത് കണ്ടു പിടിക്കാൻ ഞങ്ങൾ ഏറെ പാടുപെട്ടു, പെട്ടെന്ന് കണ്ടാൽ അതൊരു മരക്കൊമ്പാണെന്നെ തോന്നൂ. പിന്നെ മുന്നോട്ട് ചെന്നപ്പോൾ കുറെ മാനുകളെയും, മയിലുകളെയും കണ്ടു. ഇന്ത്യൻ പിട്ട (നവരംഗ്) എന്ന പക്ഷിയെ കണ്ടു. അതിൻറെ ശരീരത്തിൽ 9 വർണ്ണങ്ങൾ ഉണ്ടത്രേ! 

കുറേ യാത്ര ചെയ്തപ്പോൾ വാഹനം ഒരിടത്ത് നിർത്തി ഗൈഡ് ദൂരേക്ക് കൈചൂണ്ടി. ദൂരെ ഒരു സാമ്പാർ മാൻ നിൽക്കുന്നു, ഞങ്ങൾ അലക്ഷ്യമായി അങ്ങോട്ട് നോക്കി കൊണ്ടിരുന്നപ്പോൾ, ദൂരെ നിന്ന് നടന്നുവരുന്നത് മാനല്ല സിംഹം ആണെന്ന് മനസ്സിലായി. ഒരു പെൺ സിംഹം ദൂരെ നിന്ന് മെല്ലെ നടന്നുവരുന്നു. കുറച്ചു നടക്കും പിന്നെ നിന്ന് മണം പിടിക്കും, ഇരുവശവും ശ്രദ്ധിക്കും പിന്നെയും നടക്കും. അങ്ങനെ അത് ഞങ്ങളുടെ ജിപ്സി കിടക്കുന്ന വശത്തേക്കാണ് നടന്നുവരുന്നത്. ക്യാമറയിൽ തിരുതുര ഫോട്ടോ എടുക്കുമ്പോൾ അതിനിടത്തുവശത്ത് തന്നെ മറ്റൊരു സിംഹവും പ്രത്യക്ഷപ്പെട്ടു. നോക്കിയപ്പോൾ ഒന്നല്ല 5 സിംഹങ്ങളാണ് ആ ഭാഗത്ത് നിന്ന് നടന്നുവരുന്നത്. രണ്ട് പെൺസിംഹവും മൂന്ന് കുട്ടി സിംഹങ്ങളും. രണ്ടും മൂന്നും വയസ്സുള്ള സിംഹക്കുട്ടികളാണ്, തള്ളയുടെ വലിപ്പത്തോളം തന്നെ ഇപ്പോൾ തന്നെ തോന്നിക്കുന്നുണ്ട്. അമ്മ സിംഹം ഞങ്ങളുടെ വാഹനത്തിന് ഇടതുവശം വന്നു നിന്ന് ഒന്നു മണം പിടിച്ചശേഷം, വാഹനത്തിന് മുന്നിലൂടെ മറുവശത്തേക്ക് കടന്നു. മൂന്നു വയസ്സുള്ള സിംഹ കുട്ടിയും അമ്മയുടെ കൂടെ വാഹനത്തിന് മുന്നിലൂടെ മറുവശത്തേക്ക് നടന്നു. പിറകെ നടന്നുവന്ന രണ്ടു വയസ്സുള്ള കുട്ടി വാഹനത്തിനടുത്ത് വന്നപ്പോൾ  പരിഭ്രമിച്ചു നിൽപ്പായി. പിന്നെ വാഹനത്തിന് ഇടതുവശത്ത് കൂടി നടക്കാൻ തുടങ്ങി. നല്ല ഒരു ഫോട്ടോ കിട്ടാൻ ഞാൻ സൂം ലെൻസ് അവൻറെ നേരെ തിരിച്ചതും, അവൻ പെട്ടെന്ന് പകച്ചു നിന്നു. മറുവശത്തു നിന്ന് അമ്മ സിംഹം ഒരു ശബ്ദം പുറപ്പെടുവിച്ചു, കുട്ടിയെ വിളിക്കുന്നതാണ്. കുട്ടി സിംഹവും ഒരു ചെറിയ ശബ്ദമുണ്ടാക്കി, അമ്മയുടെ അടുത്തേക്ക് നടന്നു തുടങ്ങി. ഇപ്പോൾ അവൻ എൻറെ ഇടതുവശത്ത് തൊട്ടടുത്ത് തന്നെ ഉണ്ട്, സൂം ലെൻസ് ഉപയോഗിക്കാൻ പറ്റാത്തത്ര അടുത്ത് ആയതിനാൽ മൊബൈലിൽ സെൽഫി വീഡിയോ പകർത്തി. അപ്പോഴേക്കും അവൻ വാഹനത്തിന് പിന്നിലെത്തി അവൻറെ ചേട്ടനുമായി കുത്തി മറിഞ്ഞ് കളിക്കാൻ തുടങ്ങി. ക്യാമറ വീണ്ടും എടുത്ത് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴേക്കും വാഹനം നീങ്ങിത്തുടങ്ങി. ഞങ്ങൾ ഡ്രൈവറോട് കുറച്ചുനേരം നിർത്തി തരാൻ പറഞ്ഞുവെങ്കിലും, അവിടെ അനുവദിച്ച സമയം കഴിഞ്ഞുവെന്നും മുൻപിൽ വലിയൊരു ആൺ സിംഹം ഉണ്ടെന്നും, അതിനെ കാട്ടിത്തരാം എന്നും പറഞ്ഞപ്പോൾ ഞങ്ങൾ ശാന്തരായി. കുറേ യാത്ര ചെയ്തപ്പോൾ ഒരു റിഫ്രഷ്മെൻറ് സെൻറർനെ മുന്നിലാണ് എത്തിയത്. ഞങ്ങളെ പറ്റിച്ചതാണെന്ന് തോന്നി.

അല്പം കഴിഞ്ഞ് അവിടെ നിന്നും വാഹനം സ്റ്റാർട്ട് ചെയ്ത് മറ്റൊരു വഴിയിലൂടെ യാത്ര തുടങ്ങി, കുറെ നേരം പക്ഷികളെയും ചെറിയ മൃഗങ്ങളെയും കണ്ട് ഞങ്ങൾ യാത്ര ചെയ്തു. കുറച്ച് ചെന്നപ്പോൾ മുന്നിൽ ഒന്ന് രണ്ട് വണ്ടികൾ നിർത്തിയിട്ടിരിക്കുന്നു, നിശബ്ദരായിരിക്കാൻ ഗൈഡ് ആംഗ്യം കാണിച്ചു. അടുത്തു ചെന്നപ്പോൾ സട ഉയർത്തി ഒരു ആൺ സിംഹം ചെറിയ ഒരു ജലസംഭരണിയുടെ അടുത്ത് ശയിക്കുന്നു. അല്പം ദൂരെ ആയതിനാൽ നല്ലോണം ഫോട്ടോ കിട്ടുന്നില്ല. അല്പം കഴിഞ്ഞപ്പോൾ വാഹനങ്ങളെ ഓരോന്നായി അവൻ കിടക്കുന്നതിന് അടുത്തുകൂടിയുള്ള ട്രാക്കിലൂടെ വിടാൻ തുടങ്ങി. ഞങ്ങളുടെ വണ്ടി മൂന്നാമൻ ആയിട്ടാണ് അങ്ങോട്ട് കടന്നത്. ഞങ്ങൾ അടുത്ത് ചെന്നപ്പോഴേക്കും സിംഹം ഉറക്കം തുടങ്ങിയിരുന്നു. മഹാ മടിയനാണ് സിംഹങ്ങൾ 19 മണിക്കൂർ വരെ ഒറ്റയടിക്ക് ഉറങ്ങിക്കളയും. അതിനാൽ അവിടെ നിന്നിട്ട് ഒരു കാര്യവുമില്ല. വാഹനം തിരിച്ച് യാത്ര തുടർന്നു. കുറെയാത്ര ചെയ്തു വനത്തിൽ നിന്നും പുറത്ത് കടന്നു. ഞങ്ങളുടെ കൂടെയുള്ള മറ്റേ ടീമിന് സോണ് 7 ൽ പോയിട്ട് സിംഹങ്ങളെ ഒന്നും കാണാൻ കഴിഞ്ഞില്ല. 

വൈകുന്നേരത്തെ സഫാരിക്ക് മൂന്നരയ്ക്ക് തന്നെ എത്തിച്ചേർന്നു. ഇത്തവണ ഞങ്ങൾക്ക് സോൺ എട്ടാണ് കിട്ടിയത്. മറ്റൊരു വഴിയിലൂടെയാണ് ഞങ്ങൾ വനത്തിൽ പ്രവേശിച്ചത്. വിജനമായ വനത്തിലൂടെ കുറെ യാത്ര ചെയ്തു, ഈ ഒരു ഭാഗം തികച്ചും വിജനമായിരുന്നു. പ്രത്യേകിച്ച് ഒരു ജീവികളെയും കണ്ടില്ല. കുറെ ചെന്നപ്പോൾ കമലേശ്വർ ഡാമിന് അടുത്തെത്തി. വിശാലമായ ഒരു ജലാശയമാണ് കമലേശ്വർ ഡാം. വളരെ ഉയരത്തിൽ ഒരു ബണ്ട് റോഡ് നിർമ്മിച്ചു വെച്ചിരുന്നു. അതിൻറെ ഒരുവശം വിശാലമായ തടാകവും മറുവശം കാടുകളും ആണ്. വളരെ ഉയരമുള്ള ആ റോഡിലൂടെ ഒരേസമയം ഒരു വാഹനത്തിന് മാത്രം കടന്നു പോകാനുള്ള വീതിയെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വാഹനം ഉയരത്തിലുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ കായലിലെ തണുത്ത കാറ്റ് വീശി അടിക്കുന്നുണ്ടായിരുന്നു. അവിടുത്തെ കൊടും ചൂടിൽ അതൊരു ആശ്വാസമായി തോന്നി. താഴത്തെ ജലാശയത്തിൽ നിറയെ മുതലകളാണ്, വായും തുറന്നു പിടിച്ചു ചിലത് കരയിൽ വന്ന് കിടപ്പുണ്ട്. മറുവശം കാടുകളാണ്, തൊട്ടടുത്ത് തന്നെ ഒരു ആദിവാസി ഊരുണ്ട്. അവിടുന്ന് ഉള്ള പ്രാദേശികവാസികൾ അവരുടെ കാലികളെ ഈ കാട്ടിലേക്ക് മേയാൻ കൊണ്ടുവരാറുണ്ട്. കയ്യിൽ മഴുവും നീളമുള്ള വടിയും പിടിച്ചു നടക്കുന്ന അവരെ ഇടയ്ക്ക് കാണാൻ സാധിക്കും. ഇടയ്ക്ക് മറുവശത്തുനിന്ന് ഒരു വാഹനം വരുമ്പോൾ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് കടന്നു പോകുന്നത്, വാഹനം ഇടതുവശത്തെ താഴ്ചയിലേക്ക് പോയാൽ മൃഗങ്ങൾക്കും, വലതുവശത്തെ താഴ്ചകളിലേക്ക് പോയാൽ തടാകത്തിലെ മുതലകൾക്കും ഭക്ഷണമായത് തന്നെ. മറുവശത്ത് ഒരു വ്യൂ പോയിന്റ് ഉണ്ട്. ആ ടവറിൽ കയറിയാൽ ദൂരെയുള്ള ആദിവാസി ഗ്രാമങ്ങൾ കാണാൻ സാധിക്കും. അതിൻറെ മുകളിൽ നിന്നാൽ ഡാമിൻറെ വിശാലമായ കാഴ്ചയും മറുവശത്തെ കാടുകളും കാണാൻ സാധിക്കും. വാച്ച് ടവറിൽ നിന്നും താഴെയിറങ്ങി, വാഹനത്തിൽ കയറി തിരിച്ച് ബണ്ട് റോഡിന് മുകളിലൂടെ മറുവശത്തേക്ക് എത്തി. പിന്നെ അവിടുന്ന് തിരിഞ്ഞ് ഒരു നദിയുടെ സമീപത്തുകൂടെ യാത്ര തുടങ്ങി. നദിയുടെ സാമീപ്യം കാരണം, നല്ല പച്ചപ്പ് ആണ് അവിടെ. മരത്തിൽ പുള്ളിപ്പുലികളെ കാണാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞതിനാൽ നോക്കിയെങ്കിലും ഒന്നിനെയും കാണാൻ കഴിഞ്ഞില്ല. താഴേക്ക് ഇറങ്ങിയാൽ സിംഹങ്ങൾ ആഹരിക്കും എന്നുള്ളതിനാൽ മരത്തിലാണ് പുള്ളിപ്പുലികളെകാണാൻ കൂടുതൽ സാധ്യത. കുറെ ചെന്നപ്പോൾ മൺപാതയുടെ വലതുവശത്ത് ഒരു മൃഗത്തിൻറെ എല്ലുകൾ കാണാൻ സാധിച്ചു. അത് ആദിവാസികൾ വളർത്തുന്ന പോത്തിന്റെയാണെന്ന് ഗൈഡ് പറഞ്ഞു. സിംഹങ്ങൾ ഭക്ഷിച്ചതാണത്രേ!

ഒരു ആദിവാസി യുവാവും അയാളുടെ മകനും കൂടി അവിടെ അവരുടെ കാലികളെ മേയ്ക്കാൻ കൊണ്ടുവന്നിരുന്നു. അതിൽ രണ്ടെണ്ണത്തെ സിംഹം പിടിച്ചു. കാലികളെ അന്വേഷിച്ച് ചെന്ന ഗ്രാമീണർ കണ്ടത് അവയെ ഭക്ഷിക്കുന്ന സിംഹങ്ങളെയാണ്. അവർ പേടിച്ചു തിരിച്ചുപോയി. വനപാലകരെ വിവരമറിയിക്കുകയും, അവർ വന്ന് പരിശോധിച്ച ശേഷം ആറുമാസത്തിനകം അതിനുള്ള നഷ്ടപരിഹാരം ഗ്രാമീണർക്ക് അനുവദിക്കുകയും ചെയ്തു. കുറേനേരം യാത്ര ചെയ്തു ഒരു ജലസംഭരണിയുടെ അടുത്തെത്തി. അവിടെ ഒരു മാൻകുട്ടി ഭയപ്പെട്ട് നിൽക്കുന്നുണ്ടായിരുന്നു. അത് അലാംകോൾ മുഴക്കുന്നുണ്ടായിരുന്നു. കാല് തറയിൽ വല്ലാതെ തട്ടുന്നുണ്ടായിരുന്നു. ഞങ്ങൾ എന്തെങ്കിലും പ്രതീക്ഷിച്ചു നിൽപ്പായി, അവിടെത്തന്നെയുള്ള ഒരു മരക്കൊമ്പിൽ ഹനുമാൻകുരങ്ങുകൾ ഭയചകിതരായി മരത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ആകപ്പാടെ വല്ലാത്ത ഒരു അന്തരീക്ഷം, എന്തോ നടക്കാൻ പോകുന്നു എന്ന് തോന്നിക്കുന്ന ഒരു നിമിഷം. കുറെ നേരം കാത്തിരുന്നിട്ടും ഒന്നും സംഭവിക്കാത്തതിനാൽ ഞങ്ങൾ യാത്ര തുടർന്നു. കുറെ ചെന്നപ്പോൾ ഒരു ബൈക്കിൽ ഒരു ഫോറസ്റ്റ് വാച്ചർ വരുന്നതു കണ്ടു. ബൈക്കിന്റെ ഒരു വശത്ത് വലിയ ഒരു വടി കെട്ടി വെച്ചിരുന്നു. അതാണ് ആകെയുള്ള ആയുധം, ആഫ്രിക്കൻ സിദ്ധി ട്രൈബിൽ പെട്ട ഒരു യുവാവായിരുന്നു അത്. ഒരു ആൺ സിംഹം ആ വഴി കടന്ന് അടുത്ത ഗ്രാമത്തിലേക്ക് പോയെന്നും ഇയാൾ അതിനെ തടഞ്ഞു തിരിച്ച് കാട്ടിലേക്ക് വിടാൻ ശ്രമിച്ചെന്നും പക്ഷേ അത് ഗ്രാമത്തിലേക്ക് തന്നെ നടന്നു പോയെന്നും പറഞ്ഞു. ഒരുപക്ഷേ അത് നടന്നുപോയതാവാം ആ മാൻകുട്ടി കണ്ടത്. അനുവദിച്ച സമയം കഴിഞ്ഞതിനാൽ ഒരു സിംഹത്തെയും കാണാതെ ആ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

പിറ്റേദിവസം രാവിലെ അഞ്ചരയ്ക്ക് തന്നെ സഫാരി സെൻററിൽ ഹാജരായി. സോൺ 7, 8 സിംഹങ്ങളെ കാണാൻ സാധ്യത തീരെ കുറവുള്ള സോണുകൾ ആണെന്ന് ഞങ്ങൾക്ക് ഇതിനകം മനസ്സിലായിരുന്നു. അതിനാൽ ഏതു സോണാണ് ലഭിക്കുക എന്ന് ആശങ്കയോടെയാണ് ഇന്ന് എത്തിയത്. ഇന്ന് ഞങ്ങൾക്ക് അലോട്ട് ചെയ്ത് തന്നത് സോൺ രണ്ടു തന്നെയായിരുന്നു, അത് മാറ്റി കളയുമോ എന്ന ആശങ്കയാല്‍ ഗൈഡ് കഴിഞ്ഞദിവസം ഏത് സോണിലാണ് പോയത് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ ഫോൺ നമ്പർ 7, 8 എന്നാണ് പറഞ്ഞത്. മാത്രമല്ല സിംഹങ്ങളെ കണ്ടുകഴിഞ്ഞാൽ പിന്നെ ഗൈഡ് മാർക്കും ഡ്രൈവർമാർക്കും അലസഭാവം ആണ്. സിംഹങ്ങളെ ഇതുവരെ കണ്ടില്ലെങ്കിൽ അവർ ഉത്സാഹം എടുത്ത് നമ്മളെ കാണിക്കും. അതുകൊണ്ട് കൂടിയാണ് ഞങ്ങൾ സോൺ നമ്പർ മാറ്റി പറഞ്ഞത്. സോൺ രണ്ടിലേക്ക് കടന്നതും സിംഹങ്ങളെ കാണും എന്ന കാര്യം ഞങ്ങൾക്ക് ഉറപ്പായിരുന്നു. കുറച്ചു മുന്നോട്ടു ചെന്നപ്പോൾ കഴിഞ്ഞദിവസം നത്തിനെ കണ്ട മരത്തിനടുത്ത് വണ്ടി നിർത്തി അതിനെ കാണിച്ചു തന്നു. തലേദിവസം കണ്ട അതേ സ്ഥലത്തു അതേ പോത്തിൽ രണ്ട് നത്തും ഇരിപ്പുണ്ടായിരുന്നു. അതേ സ്ഥാനത്താണ് ഇന്നും ഇരിക്കുന്നതെന്നും, ആരും അത് കണ്ടതാണെന്ന് ഭാവം നടിക്കാഞ്ഞതും ഞങ്ങൾ പറഞ്ഞ കള്ളം പൊളിക്കാൻ ഇടയാക്കി. പിന്നീട് ഗൈഡിനും ഡ്രൈവർക്കും അലക്ഷ്യഭവമായിരുന്നു. അധികം മുന്നോട്ട് ചെല്ലുന്നതിനു മുന്നേ തന്നെ ഒരു പെൺ സിംഹവും ഒരു കുട്ടി സിംഹവും നടന്നുവരുന്നുണ്ടായിരുന്നു. വാഹന വഴിയിലൂടെ അല്പം നടന്നു വന്നശേഷം കാട്ടിലേക്ക് അത് കയറിപ്പോയി. ജിപ്സി അല്പം കൂടി മുന്നോട്ട് നീക്കിയ ശേഷം ഓഫാക്കിയിട്ടു. റോഡിൻറെ വലതുവശത്ത് ആറൂ  സിംഹങ്ങൾ കിടന്നിരുന്നു. മൂന്ന് പെൺ സിംഹവും മൂന്നു കുട്ടികളും കിടന്നിരുന്നു.  അവയെ ഞങൾ ക്യാമറയിലാക്കിക്കൊണ്ടിരുന്നപ്പോൾ നേരത്തെ നടന്നുപോയ രണ്ടു സിംഹങ്ങളും തിരിച്ചുവന്നു. കുറേ ചിത്രങ്ങൾ പകർത്തിയപ്പോഴേക്കു ഡ്രൈവർ വാഹനം മുന്നോട്ടെടുത്തു. അവർ അങ്ങനെയാണ് ഒരു നിശ്ചിത സമയം മാത്രമേ ഓരോ ഇടത്തും നിർത്തുകയുള്ളൂ. കഴിഞ്ഞ ദിവസത്തെക്കാൾ കൂടുതൽ സിംഹങ്ങൾ അന്നവിടെ ഉണ്ടായിരുന്നു. ആൺ സിംഹത്തെ കാട്ടിത്തരം, ഗൈഡിൻ്റെ പതിവ് മറുപടി എത്തി. കഴിഞ്ഞ ദിവസം ഞങൾ അതിനെ കണ്ടുവെങ്കിലും ഫോട്ടോ പകർത്താൻ പറ്റിയിരുന്നില്ല. അതിനാൽ ക്ഷമയോടെ കാത്തിരുന്നു. കുറെ ദൂരം ചെന്നപ്പോൾ വണ്ടി പെട്ടെന്ന് നിർത്തി, ഗൈഡ് ഇടതു വശത്തേക്ക് ചൂണ്ടി. അല്പം ദൂരയായി, ആൺ സിംഹം ശയിക്കുന്നു, സമീപത്തായി ഇണയുമുണ്ട്. മുഖാമുഖം കിടക്കുകയാണ്. ആ സ്വൈര്യ സല്ലാപത്തെ ഞങ്ങളുടെ ആഗമനം അസ്വാരസ്യപെടുത്തിയതായി അവയുടെ മുഖഭാവങ്ങളിൽ നിന്ന്  വ്യക്തമായി. ഫോട്ടോകൾ എടുത്ത ശേഷം വീണ്ടും യാത്ര തുടർന്നു.

കിട്ടിയ ചിത്രങ്ങൾ നോക്കിയിരിക്കുമ്പോളെക്കും വീണ്ടും വാഹനം നിന്നൂ. വലതു വശത്ത് ഒരു പെൺ സിംഹം ഒരു മാനിൻ്റെ കാലിലെ അവസാന മാംസവും ആഹരിക്കാൻ ശ്രമിക്കുന്നു. മാനിൻ്റെ കാലും കടിച്ചു പിടിച്ചുള്ള അ ഇരുപ്പ് വേഗം പകർത്തി. ഞങ്ങൾ എത്തിയത് ഇഷ്ടപ്പെടാത്ത മാതിരി ചില പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു എന്നേറ്റുപോവാൻ ശ്രമിച്ചെങ്കിലും അവിടെ തന്നെ തുടരുകയാണ് ഉണ്ടായത്. സിംഹം തീറ്റ തുടർന്നു, ഞങ്ങളും യാത്ര തുടർന്നു. ധാരാളം സിംഹങ്ങളെ കണ്ട സന്തോഷത്താൽ ക്യാമറയൊക്കെ ഒതുക്കി വെച്ച് വീണ്ടും യാത്ര തുടരവെ, ഇടതു സൈഡിൽ രണ്ടു സിംഹങ്ങൾ പ്രത്യക്ഷപ്പെട്ടു. ഒരു അഡൽട്ട് പെൺ സിംഹവും ഒരു സബ് അഡൽട്ട് ആൺ സിംഹവും. ട്രാക്കിനു സമാന്തരമായി അവരങ്ങനെ നടക്കുകയാണ്.  ഞങൾ പിൻ സീറ്റിൻ്റെ ചാരിൽ ക്യാമറ വെച്ച് അവയുടെ ദൃശ്യം പകർത്താൻ തുടങ്ങി. അവ ഇപ്പൊൾ ഞങ്ങളുടെ സഫാരി ജിപ്‌സിയുടെ പുറകിൽ ട്രാക്കിലൂടെ നടന്നു വരികയാണ്. അവയുടെ മുന്നിലൂടെ പതിയെ ഞങ്ങളുടെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. ക്യാമറയുടെ കുലുക്കം ഒഴിവാക്കാൻ വണ്ടി ഒരു നിമിഷം ഓഫ് ചെയ്തു. ഞങൾ തുരു തുരാ ഫോട്ടോകൾ എടുക്കാൻ തുടങ്ങി. അവ രണ്ടും ട്രാക്കിലൂടെ നടന്നു ഞങ്ങളുടെ വണ്ടിയുടെ അടുത്തെത്തറായി, ജിപ്സി സ്റ്റാർട്ട് ചെയ്യാൻ നോക്കിയപ്പോൾ സ്റ്റാർട്ട് ആകുന്നില്ല. ഞങൾ ഒരു നിമിഷം പകച്ചു!

മൂന്നാമത്തെ തവണ വണ്ടി സ്റ്റാർട്ട് ആയി. വണ്ടിയുടെ അടുത്തെത്തറയപ്പോൾ വഴി തടസപ്പെട്ടതിനാൽ ആൺ സിംഹം വല്ലാത്തൊരു നോട്ടം ഞങ്ങളുടെ നേർക്ക് നോക്കിയെങ്കിലും അന്നേരത്തെ ഒരു നിമിഷത്തിൽ ആ ഒരു മുഖഭാവം പകർത്താനെനിക്ക് കഴിഞ്ഞില്ല. വഴി തടസപ്പെട്ടത്തിനാൽ പെൺ സിംഹം ട്രാക്കിന് വലത്തൂടെ വണ്ടിക്കു സമാന്തരമായി നടന്നു തുടങ്ങിയിരുന്നു. വീണ്ടും ഒരു പ്രാവശ്യം കൂടി ഞങ്ങളുടെ ജിപ്സി ഓഫായി. പിന്നെ സ്റ്റാർട്ട് ആക്കിയശേഷം ഡ്രൈവർ വേഗം വണ്ടിവിട്ടു പോയി. ഞങൾ കുറച്ചുകൂടി അതുപോലുള്ള ഫോട്ടോ എടുക്കാൻ അഗ്രഹിച്ചിരിക്കുക ആയിരുന്നെങ്കിലും, ഡ്രൈവർ ഒന്നും മിണ്ടാതെ വേഗത്തിൽ വണ്ടി വിടുകയാണ്. ഞങ്ങൾക്ക് കാര്യം മനസ്സിലായില്ല.  ഗൈഡും ഒന്നും മിണ്ടുന്നില്ല, വേഗം കാട്ടിൽ നിന്ന് പുറത്തു കടന്നു പ്രധാന ടാറിട്ട റോഡിലൂടെ വണ്ടി പറത്താൻ തുടങ്ങി. ഒരു പാലം കഴിഞ്ഞപ്പോൾ കുറച്ചു വീടുകളുള്ള ഒരു കോളനിയുടെ അടുത്ത് വണ്ടി കൊണ്ടുനിർത്തിയ ശേഷം ഡ്രൈവർ ഇറങ്ങി ഒരു വീട്ടിലേക്ക് ഓടിപ്പോയി. ഞങ്ങൾ കാര്യം അറിയാതെ പകച്ചപ്പോൾ, അയാൾക് എന്തോ എമർജൻസി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് ഗൈഡ് ഇറങ്ങി വന്നു വണ്ടി സ്റ്റാർട്ട് ചെയ്തു. ടോയ്ലറ്റിലേക്കാണ് ഓടിയതെന്നു കൂട്ടത്തിലൊരാൾ കമെൻ്റ് പറയുന്നത് കേട്ടു. എന്തായാലും ഒരു ട്രിപ്പിൽ ഇത്രയധികം സിംഹങ്ങളെ കാണാൻ കഴിഞ്ഞതു തന്നെ ഒരു വല്യഭാഗ്യമായ് എനിക്ക് തോന്നി. രാവിലത്തെ സഫാരി  കഴിഞ്ഞ് ദേവാലയിൽ ഒരു സഫാരി പോകാൻ ഞങ്ങൾ തീരുമാനിച്ചു. ഗീർ സഫാരി സെൻ്ററിൽ നിന്നും 13km ദൂരമുണ്ട് ദേവല്യയിലേക്ക്. ഞങ്ങൾ അവിടെയെത്തുമ്പോൾ രാവിലത്തെ സഫാരി സമയം കഴിയാറായിരുന്നു. അവസാനം പുറപ്പെടുന്ന ബസിൽ കയറി ഞങ്ങളും പാർക്കിൽ ഒരു വലം വെച്ചു. ഇവിടെയുള്ള മൃഗങ്ങൾ അപകടകാരികൾ ആണ്. അതുകൊണ്ട് മൂടിയുള്ള വണ്ടികളിലാണ് ഇവടെ സഫാരി അനുവദിക്കാറുള്ളത്. അദ്യം കണ്ടത് രണ്ടു ആൺ സിംഹങ്ങളെയാണ്, ഒരു മരത്തണലിൽ വിശ്രമിക്കുകയായിരുന്നു അവ. പിന്നെ കണ്ടത് പുള്ളിപുലികളെ പാർപ്പിച്ചിരിക്കുന്ന ഒരു എൻക്ലോഷർ ആണ്. പത്തോളം പുള്ളിപുളികൾ അതിലുണ്ട്, തിന്നു തടിച്ചു കൊഴുത്ത അവ അലസമായും, അക്ഷമരായും നടന്നു കൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിൽ ഇറങ്ങി കുട്ടികളെ പിടികൂടിയതിനാൽ പിടികൂടി ഇട്ടിരിക്കുകയനിവടെ. ഇവിടുത്തെ ഫോറെസ്റ് ഉദ്യോഗസ്ഥരെ വരെ തരം കിട്ടിയാൽ ഉപദ്രവിക്കാൻ ശ്രമിക്കാറുണ്ടെന്നു നേരത്തെ തന്നെ ഗൈഡ് പറഞ്ഞിരുന്നു. വേറൊരു എൻക്ലോസറിൽ പെൺ പുള്ളിപുലികളാണ് കിടക്കുന്നത്. ബസിലിരുന്നുകൊണ്ട് തന്നെ ഫോട്ടോകൾ എടുത്തു. ഒരു മണിക്കൂർ കൊണ്ട് തന്നെ സഫാരി പൂർത്തിയായി. ഗീറിൽ സിംഹങ്ങളെ കാണാനുള്ള സാധ്യത പകുതി മാത്രമാണ്. അതിനാൽ അവിടെ സിംഹങ്ങളെ കാണാൻ കഴിയാത്തവർക്ക് ദേവാലയ വന്നാൽ കാണാൻ കഴിയും.
രാവിലത്തെ സഫാരിക്ക് തന്നെ ഞങ്ങൾ 12 സിംഹങ്ങളെക്കണ്ടുകഴിഞ്ഞിരുന്നു. മാത്രമല്ല, ഇന്ന് വൈകീട്ട് തന്നെയാണ് തിരിച്ചു നാട്ടിലേക്കുള്ള യാത്ര ബുക്ക് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ അലസ മട്ടിലാണ് വൈകിട്ടത്തെ സഫരിക്ക് ചെന്നത്. ഇപ്പൊൾ സോൺ ഒന്ന് ആണ് കിട്ടിയത്. ഈ സോൺ 2 ഇൻ്റെ കുറച്ചുഭാഗം ജനവാസ മേഖലകളാണ്. മാന്തോപ്പുകൾ നിറഞ്ഞ വിശാലമായ തോട്ടത്തിനരികരികിലൂടെയാണ് യാത്ര. ഈ തോട്ടങ്ങളിൽ മാനുകളെയും, മയിലുകളേയും കാണാം. കുറെ ചെന്നപ്പോൾ സിദ്ധി ട്രൈബിൻ്റെ കോളനി കണ്ടു. ആഫ്രിക്കയിൽ നിന്ന് വന്നവരാണ് സിദ്ധികൾ, ഇപ്പൊൾ പല പല ജോലികളും ചെയ്തു നാട്ടുകാരെ പോലെ കഴിഞ്ഞു കൂടുന്നു. തെക്കുകിഴക്കേ ആഫ്രിക്കയിൽ നിന്നും അടിമകളായും, കച്ചവടക്കാരുമായും, സഹായികളും ആയി എത്തിയവരാണ്  സിദ്ധികൾ. ജുനഗഢ് നവാബിന്, അടിമകളായി പോർട്ടുഗീസുകാർ 300 വർഷങ്ങൾക്കുമുമ്പ് കൈമാറിയ ഇവർ ഇന്ന് ഗീർ സഫാരി പാർക്കിനു സമീപമാണ് കഴിയുന്നത്. ഇവിടുത്തെ സിദ്ധികളാധികവും ഇസ്‌ലാം മതവിശ്വാസികളാണ്. ഗുജറാത്ത് കൂടാതെ കർണാടകയിലും, പാകിസ്ഥാനിലും സിദ്ധികൾ വസിക്കുന്നുണ്ട്.  ഗീർ വനത്തിനുള്ളിലെ അവരുടെ ഒരു കോളനിയുടെ അടുത്ത് വരെ പോയി, പിന്നെ വന്ന വഴിയിലൂടെ തന്നെ തിരിച്ച് യാത്ര തുടങ്ങി. വഴിയിൽ ഒരു ഗ്രൗണ്ടിൽ സിദ്ധികളുടെ കുട്ടികൾ കളിക്കുന്നത് കണ്ടു, തൊട്ടടുത്ത് തന്നെയാണ് കാടും. കാടും, വീടുകളും തമ്മിൽ വേർതിരിവുകൾ ഒന്നുമില്ല. കുറെ ദൂരം യാത്ര ചെയ്ത് മറ്റൊരു വഴിയിലോട്ടു തിരിഞ്ഞു. 

കുറേ ദൂരം ചെന്നപ്പോൾ വാഹനം പെട്ടെന്ന് നിർത്തി, വലതുഭാഗത്തായി ഒരു പെൺ സിംഹവും അതിൻറെ രണ്ടുമാസം മാത്രം പ്രായമുള്ള രണ്ടു കുട്ടികളും കിടന്നുറങ്ങുന്നുണ്ട്.  കുറച്ചുകൂടെ മുൻപോട്ട് ചെന്നശേഷം വണ്ടി തിരിച്ച് സിംഹക്കുട്ടികൾ കിടക്കുന്ന ഭാഗത്തേക്ക് തന്നെ ചെന്നു. ഇതിനു തൊട്ടടുത്ത് തന്നെ വേറെ രണ്ട് പെൺ സിംഹങ്ങളെ മറച്ചുവട്ടിൽ കിടന്നുറങ്ങുന്നതായി കണ്ടിരുന്നു. ഇപ്പോഴും സിംഹക്കുട്ടികളും അമ്മയും ഉറക്കത്തിലാണ്. ഞങ്ങൾ വണ്ടി ഓഫ് ചെയ്ത് അവർ ഉണരുന്നതും കാത്തിരിപ്പായി. അല്പം കഴിഞ്ഞപ്പോൾ ശബ്ദം ഉണ്ടാക്കിക്കൊണ്ട് വനംവകുപ്പിന്റെ ഒരു വാഹനം അരികിലൂടെ കടന്നുപോയി. അതിൻറെ ശബ്ദം കേട്ട് അമ്മ സിംഹം ഉണർന്നു തലപൊക്കി നോക്കി,  കുട്ടീ സിംഹങ്ങളും അമ്പരന്ന് തലപൊക്കി നോക്കി. പെട്ടെന്നൊരു ഷോട്ട് കിട്ടിയതോടെ ഞങ്ങളും ആക്ടീവായി ഫോട്ടോ പകർത്താൻ തുടങ്ങി. പക്ഷേ പെട്ടെന്ന് തന്നെ കുഞ്ഞുങ്ങൾ ഉറക്കമായി. അമ്മ സിംഹം ഉണർന്ന് ഇരിപ്പായി. ദൂരെയൊരു മാനിന്റെ അലാറം വിളി കേട്ടപ്പോൾ കൂടുതൽ ഉഷാറായി, വേട്ടയാടാൻ തയ്യാറായി ഇരിപ്പായി. പിന്നെ കുറച്ചു മുന്നോട്ട്  ചെന്ന് ശബ്ദം കേട്ട് വശത്തേക്ക് തിരിഞ്ഞ് ചെവി ഉയർത്തിപ്പിടിച്ച് കിടപ്പായി.  നല്ലൊരു ഫോട്ടോ കിട്ടുമെന്ന് പ്രതീക്ഷയിൽ ഞങ്ങൾ കാത്തിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. കുറച്ചു കഴിഞ്ഞപ്പോൾ സമയം വൈകി എന്ന് പറഞ്ഞു ഡ്രൈവർ വണ്ടിയെടുത്തു. ഒരു ദിവസം തന്നെ 16 സിംഹങ്ങളെ കണ്ടുകഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ മുടക്കം പറയാതെ ഞങ്ങൾ മടക്കയാത്ര തുടങ്ങി. വരുന്ന വഴിയിൽ ഒരു  മരത്തിൽ വലിയ തേനീച്ച കൂടുകൾ കണ്ടു. 

അന്ന് വൈകിട്ട് തന്നെ ജുനഗഡ് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ തിരിച്ച് നാട്ടിലേക്ക് യാത്ര തുടങ്ങി. 10 ദിവസം നീണ്ടുനിന്ന ആയാത്ര മനം നിറയെ കാഴ്ചകളും, ക്യാമറ നിറയെ ചിത്രങ്ങളും സമ്മാനിച്ചു.

[കാനനപർവ്വം – 3]

Desadanam

അതിവേഗം വളന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ലോകത്തെ ഒരു സ്വതന്ത്ര മാസികയാണ് ദേശാടനം. വ്യത്യസ്ഥങ്ങളായ വിഷയങ്ങളിൽ അതുല്യമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു ദേശാടനം ഓൺലൈൻ ചാനൽ.

സാമ്യമുള്ളവ

Leave a Reply

Your email address will not be published. Required fields are marked *